ചെന്നൈ: ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രി ആയിരുന്നപ്പോൾ കോഴ വാങ്ങി നിയമനം നടത്തിയെന്ന കേസിൽ തമിഴ്നാട് വൈദ്യുതി-എക്സൈസ് മന്ത്രി സെന്തിൽ ബാലാജി അറസ്റ്റിൽ. 17 മണിക്കൂർ ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.അതേസമയം, നെഞ്ചുവേദനയെത്തുടർന്ന് സെന്തിൽ ബാലാജിയെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. മന്ത്രിമാരായ ഉദയനിധി സ്റ്റാലിൻ, എം സുബ്രഹ്മണിയൻ, ഇ വി വേലു, ശേഖർ ബാബു തുടങ്ങിയർ ആശുപത്രിയിലെത്തി. സെന്തിൽ ബാലാജിയുടെ അറസ്റ്റ് നിയമപരമായി നേരിടുമെന്നും ബി ജെ പിയുടെ ഭീഷണി രാഷ്ട്രീയത്തിൽ ഭയക്കില്ലെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
ഇന്നലെ തമിഴ്നാട് സെക്രട്ടേറിയേറ്റിൽ സെന്തിൽ ബാലാജിയുടെ ഓഫീസിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലും കരൂരിലെ മന്ത്രിയുടെ സഹോദരന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തി. തുടർന്നാണ് മന്ത്രിയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മാസം ബാലാജിയുമായി അടുപ്പമുള്ള ചിലരുടെ വീടുകളിൽ ആദായ നികുതി വകുപ്പ് തുടർച്ചയായി എട്ട് ദിവസം റെയ്ഡ് നടത്തിയിരുന്നു. സെന്തിൽ ബാലാജിയ്ക്കെതിരെയുള്ള കേസ് അന്വേഷിക്കാൻ കഴിഞ്ഞ മാസമാണ് സുപ്രീം കോടതി ഇ ഡിയ്ക്ക് അനുമതി നൽകിയത്.