ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിലും സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയയെ നയിച്ചേക്കും. നാട്ടിലേക്ക് മടങ്ങിയ പാറ്റ് കമ്മിൻസ് തിരിച്ചുവരാൻ സാധ്യതയില്ല എന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് സ്മിത്ത് ക്യാപ്റ്റനായി തുടരാൻ സാധ്യത. മൂന്നാം ടെസ്റ്റിൽ സ്മിത്ത് ഓസ്ട്രേലിയയെ തകർപ്പൻ വിജയത്തിലേക്ക് നയിച്ചിരുന്നു.
ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ കമ്മിൻസായിരുന്നു ക്യാപ്റ്റൻ. ഈ രണ്ട് മത്സരങ്ങളിലും ഓസ്ട്രേലിയ തോറ്റു. ഇതിനുശേഷം, മൂന്നാം ടെസ്റ്റിന് മുമ്പാണ് കമ്മിൻസ് രോഗിയായ അമ്മയുടെ അടുത്തേക്ക് പോയത്. മത്സരത്തിന് മുമ്പ് കമ്മിൻസ് തിരിച്ചെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇനി അവിടെ തന്നെ തുടരാനാണ് താരത്തിന്റെ തീരുമാനം. ഇതോടെ വൈസ് ക്യാപ്റ്റനായ സ്മിത്തിന് ക്യാപ്റ്റൻസി ലഭിച്ചു.
നാലാം ടെസ്റ്റ് മാർച്ച് 9 മുതൽ അഹമ്മദാബാദിലാണ് ആരംഭിക്കുന്നത്. ടീം നിലവിൽ കമ്മിൻസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. എന്നിരുന്നാലും, കമ്മിൻസിന്റെ തിരിച്ചുവരവിനുള്ള സാധ്യത വളരെ കുറവാണെന്നാണ് റിപ്പോർട്ടുകൾ.