ജിദ്ദ: എല്ലാ വർഷവും മാർച്ച് 11 സൗദി അറേബ്യയിൽ പതാക ദിനമായി ആഘോഷിക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് രാജകീയ ഉത്തരവിലൂടെ ഇക്കാര്യം അറിയിച്ചത്. അബ്ദുൽ അസീസ് രാജാവ് സൗദി പതാക അംഗീകരിച്ച ദിവസമെന്ന നിലക്കാണ് ഈ ദിവസം പതാകദിനമായി ആചരിക്കുന്നത്. ഹിജ്റ 1139 ൽ സൗദി സ്ഥാപിതമായത് മുതൽ രാജ്യത്തിന്റെ ചരിത്രത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ദേശീയ പതാകയുടെ മൂല്യത്തിൽ നിന്നാണ് ഇത്തരമൊരു ദിനം സമർപ്പിക്കുന്നത്.
സമാധാനത്തിന്റെയും ഇസ്ലാമിന്റെയും സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യം സ്ഥാപിതമായത്. ഏകദൈവ വിശ്വാസം, നീതി, അധികാരം, പുരോഗതി, സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്ന മഹത്തായ അർത്ഥങ്ങളുടെ പ്രതീകമാണ് രാജ്യത്തിന്റെ പതാക. മൂന്ന് നൂറ്റാണ്ടുകളായി രാജ്യത്തെ ഒന്നിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സൗദി പതാക സാക്ഷ്യം വഹിച്ചു. രാജ്യത്തെ പൗരൻമാർ അഭിമാനത്തോടെ ഉയർത്തുന്ന ഈ പതാക രാജ്യത്തിന്റെയും അതിന്റെ ശക്തിയുടെയും പരമാധികാരത്തിന്റെയും ഐക്യത്തിന്റെയും പ്രകടനമാണ് എന്നും വിജ്ഞാപനത്തിൽ പറയുന്നു.