കോഴിക്കോട്: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ധവളപത്രം ഇറക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനജീവിതം ദുസ്സഹമാകുമ്പോഴും സർക്കാർ ധാരാളിത്തം തുടരുകയാണ്. പിണറായി സർക്കാർ കേരളത്തെ ശ്രീലങ്കയുടെയും പാകിസ്ഥാന്റെയും പാതയിലൂടെ കൊണ്ടുപോവുകയാണെന്നും അദ്ദേഹം വിമർശിച്ചു. ചിന്താ ജെറോമിന് ലക്ഷക്കണക്കിന് രൂപ കുടിശ്ശിക നൽകുന്ന സർക്കാർ അടുത്ത മാസം മുതൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച് ജനങ്ങളുടെ ജീവിതം തകർക്കാനാണ് ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
സ്വജനപക്ഷപാതത്തിനും അഴിമതിക്കുമാണ് ഈ സർക്കാർ പ്രാധാന്യം നൽകുന്നത്. സമ്പൂർണ തകർച്ചയിലേക്കാണ് പിണറായി സർക്കാർ കേരളത്തെ നയിക്കുന്നത്. ലോട്ടറിയും മദ്യവുമല്ലാതെ സംസ്ഥാനത്തിന് മറ്റൊരു വരുമാന മാർഗവുമില്ല. പിണറായി വിജയൻ കെ.വി തോമസിനെ ഡൽഹിയിൽ നിയമിക്കുന്നത് കേരളത്തിന്റെ താൽപ്പര്യത്തിനല്ല, മറിച്ച് സി.പി.എമ്മിന്റെ രാഷ്ട്രീയ താൽപ്പര്യം സംരക്ഷിക്കാനാണ്. പൊതുകടം നാല് ലക്ഷം കോടിയായി ഉയരുമ്പോൾ അനാവശ്യ ചെലവുകൾ നടത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.
വൻകിട മുതലാളിമാരിൽ നിന്ന് നികുതി പിരിക്കാതെ സാധാരണക്കാരെ പിഴിഞ്ഞ് കഷ്ടത്തിലാക്കുകയാണ് പിണറായി സർക്കാരിന്റെ ഹോബിയെന്നും സുരേന്ദ്രൻ പറഞ്ഞു. അവശ്യ വസ്തുക്കളുടെയും വൈദ്യുതിയുടെയും വെള്ളത്തിന്റെയും വില വർദ്ധിപ്പിച്ച് പൊതുജനങ്ങൾക്ക് ദുരിതമുണ്ടാക്കുകയാണ് സർക്കാർ ചെയ്യുന്നത്. സർക്കാരിന്റെ മൗനാനുവാദത്തോടെ നികുതി വെട്ടിപ്പ് കേരളത്തിൽ നിത്യസംഭവമായി മാറിയിരിക്കുകയാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ വിപണിയിൽ ഇടപെടുന്നില്ല. കാർഷിക ഉൽപ്പന്നങ്ങളുടെ താങ്ങുവില വർദ്ധിപ്പിക്കാൻ ഇടപെടുന്നില്ല എന്നും സുരേന്ദ്രൻ ആരോപിച്ചു.