ക്വലാലംപുര്‍: രണ്ട് തവണ ഇന്ത്യക്ക് വേണ്ടി ഒളിമ്പിക് മെഡൽ നേടിയ പിവി സിന്ധു മലേഷ്യൻ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റണ്‍ ടൂർണമെന്റിൽ നിന്ന് പുറത്തായി. റിയോ ഒളിംപിക്സിലെ സ്വർണമെഡൽ ജേതാവ് സ്പെയിനിന്റെ കരോലിന മാരിനോടാണ് സിന്ധു പരാജയപ്പെട്ടത്.
മൂന്ന് ഗെയിമുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു തോറ്റത്. സ്കോർ: 21-12, 10-21, 21-15. മത്സരം ഒരു മണിക്കൂറോളം നീണ്ടുനിന്നു. ആദ്യ ഗെയിം തോറ്റ സിന്ധു രണ്ടാം ഗെയിമിൽ ശക്തമായി തിരിച്ചുവന്ന് മൂന്നാം ഗെയിമിലേക്ക് മത്സരം നീട്ടി. എന്നാൽ മൂന്നാം ഗെയിമിൽ സിന്ധുവിന് കാലിടറി.
പുരുഷ വിഭാഗത്തിൽ ലോക എട്ടാം നമ്പർ താരം എച്ച്.എസ് പ്രണോയ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ഇന്ത്യയുടെ യുവതാരം ലക്ഷ്യ സെന്നിനെ മറികടന്നാണ് പ്രണോയ് വിജയം സ്വന്തമാക്കിയത്. സ്കോർ: 22-24, 21-12, 21-18. ആദ്യ ഗെയിം തോറ്റെങ്കിലും പ്രണോയ് മത്സരത്തിലേക്ക് തിരിച്ചുവന്നു. അടുത്ത റൗണ്ടിൽ ഇന്തോനേഷ്യയുടെ ചിക്കോ ഔറ ദ്വി വാർ ഡോയോയെ നേരിടും. ഇന്ത്യയുടെ കിരീടപ്രതീക്ഷകളായിരുന്ന കിഡംബി ശ്രീകാന്തും സൈന നേവാളും മലേഷ്യ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ നിന്ന് പുറത്തായിരുന്നു.