മനാമ: അനധികൃതമായി ജോലി ചെയ്യുന്നവർക്കെതിരെ നടപടി എടുക്കാൻ എൽ.എം.ആർ.എ ശക്തമായ പരിശോധന ക്യാമ്പയ്നുകളാണ് രാജ്യമെങ്ങും നടത്തിവരുന്നത്. നാഷണൽ, പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻപിആർഎ),ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ്, ഗവർണറേറ്റുകളുമായി ബന്ധപ്പെട്ട പോലീസ് ഡയറക്ടറേറ്റുകൾ എന്നിവയുടെ ഏകോപനത്തോടെയാണ് മുഹറഖ്, നോർത്തേൺ, സതേൺ ഗവർണറേറ്റുകളിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) പരിശോധന കാമ്പെയ്നുകൾ നടത്തിയത്.
തൊഴിൽ വിപണിയുമായും താമസ നിയമങ്ങളുമായും ബന്ധപ്പെട്ട് നിരവധി ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിരിക്കുകയാണ്. വിവിധ സർക്കാർ ഏജൻസികളുമായി ചേർന്ന് വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എൽ.എം.ആർ.എ അധികൃതർ വ്യക്തമാക്കി. അനധികൃതമായി ജോലി ചെയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ 17506055 എന്ന ഹോട്ട് ലൈൻ നമ്പറിലോ www.lmra.bh എന്ന വെബ്സൈറ്റിൽ ഇലക്ട്രോണിക് ഫോറം പൂരിപ്പിച്ചോ അറിയിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.