ഹൂസ്റ്റൺ : സൗത്ത് ഹൂസ്റ്റണിലുള്ള ക്വമ്പ ഇസ്ലാമിക് സെന്ററിനു നേരെ നടന്ന ആക്രമണത്തിൽ 30,000 ഡോളറിന്റെ നാശനഷ്ടങ്ങൾ സംഭവിച്ചതായി എക്സിക്യൂട്ടീവ് ഡയറക്ടർ അഹ്സൺ സാഹിദ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഉണ്ടായ ആക്രമണത്തിൽ മോസ്കിനകത്തെ പ്രൊജക്റ്റർ, ടിവി, വാതിലുകൾ എന്നിവ പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. മൂന്നാമത്തെ തവണയാണ് ഇതേ മോസ്കിനു നേരെ ഇത്തരത്തിലുള്ള ആക്രമണം നടക്കുന്നതെന്ന് സാഹിദ് പറഞ്ഞു.
സമീപത്തുള്ള ക്യാമറകളിൽ നിന്നും മോസ്കിനകത്തുള്ള പ്രാർഥാനാ ഹാളിലേക്ക് പ്രതിയെന്ന് സംശയിക്കുന്ന ആൾ പ്രവേശിക്കുന്നത് വ്യക്തമായി കാണാം. തുടർന്ന് സ്ത്രീകളുടെ പ്രാർഥനാ മുറിയിലേക്കു പ്രവേശിക്കുന്നതും അവിടെയുള്ള വിലപ്പെട്ട ഉപകരണങ്ങൾ തകർക്കുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
പൊലീസ് ഇതിനെ കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഹേറ്റ് ക്രൈമാണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും പൊലീസ് പറയുന്നു.
സംഭവത്തെ തുടർന്ന് മോസ്ക്ക് അടച്ചിടാൻ ഉദ്ദേശിക്കുന്നില്ലെന്നും ഫെൻസുകൾ കെട്ടിയുയർത്തിയും കൂടുതൽ സെക്യൂരിറ്റി ക്യാമറകൾ സ്ഥാപിച്ചും സുരക്ഷിതത്വം ഉറപ്പാക്കുമെന്നും ഡയറക്ടർ പറഞ്ഞു. ഇതേ കേന്ദ്രം മൂന്നാം തവണയും അക്രമിക്കപ്പെട്ടതോടെ ഇത് ഹേറ്റ് ക്രൈം തന്നെയാണെന്നാണ് ഡയറക്ടർ അഭിപ്രായപ്പെട്ടത്.