ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൂടുതൽ അധികാരം നൽകി ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാരിന്റെ തീരുമാനം. എൻ.ഐ.എയ്ക്ക് വിപുലമായ അധികാരങ്ങൾ നൽകിയിട്ടുണ്ടെന്നും 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻ.ഐ.എ ശാഖകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയാൻ സംസ്ഥാനങ്ങളും കേന്ദ്രവും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ആഭ്യന്തരമന്ത്രി അഭ്യർത്ഥിച്ചു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ തീവ്രവാദ കേസുകൾ 34 ശതമാനം കുറഞ്ഞതായി അമിത് ഷാ അവകാശപ്പെട്ടു. ജമ്മു കശ്മീരിൽ കൊല്ലപ്പെട്ട സുരക്ഷാ സേനാംഗങ്ങളുടെ എണ്ണത്തിൽ 64 ശതമാനം കുറവുണ്ടായെന്നും കൊല്ലപ്പെട്ട സിവിലിയൻമാരുടെ എണ്ണത്തിൽ 90 ശതമാനം കുറവുണ്ടായെന്നും അമിത് ഷാ അവകാശപ്പെട്ടു.