കൊല്ലം: യുവാവിന്റെ കൈവിരലുകള്‍ മുറിച്ചുമാറ്റിയ പ്രതിക്ക് ഒന്പതുവര്ഷം തടവും 25,000 രൂപ പിഴയും ശിക്ഷവിധിച്ചു. കൊല്ലം ആല്‍ത്തറമൂട് സ്വദേശിയായ മഹേഷിനെ(38)യാണ് കൊല്ലം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി അരുണ്‍ എം.കുരുവിള ശിക്ഷിച്ചത്. 2016 ഏപ്രിലാണ് കേസിനാസ്പദമായ സംഭവം. സൈക്കിളിന്റെ കാറ്റ് അഴിച്ചുവിട്ടെന്ന് ആരോപിച്ച് ആല്‍ത്തറമൂട് സ്വദേശിയായ യുവാവിനെ വെട്ടുകത്തികൊണ്ട് ആക്രമിച്ചു.കൈപ്പത്തിയിലും വയറിലും മുറിവേറ്റതോടെ യുവാവ് രക്ഷപ്പെടാനായി ഓടി വീട്ടിനുള്ളില്‍ക്കയറി കതകടച്ചു.
എന്നാല്‍ മഹേഷ് വീടിന്റെ കതക് വെട്ടിപ്പൊളിച്ച് ഉള്ളില്‍ക്കയറി യുവാവിന്റെ കൈമുട്ടിലും വിരലുകളിലും വെട്ടി. യുവാവിന്റെ ഞരമ്പുകള്മുറിഞ്ഞ് ചൂണ്ടുവിരല്‍ അറ്റുപോയി. തടയാനായി എത്തിയ സുഹൃത്തിനെയും ആക്രമിച്ചു.പള്ളിത്തോട്ടം പോലീസ് രജിസ്റ്റര്‍ചെയ്ത കേസിന്റെ അന്വേഷണംനടത്തി കുറ്റപത്രം സമര്‍പ്പിച്ചത് സബ് ഇന്‍സ്പെക്ടറായിരുന്ന സി.ദേവരാജനായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ.നിയാസ് ഹാജരായി.