ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളും നേതാക്കളെ കരുതൽ തടങ്കലിലാക്കിയ നടപടികളും സുപ്രീംകോടതി ഇന്ന് പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനായി ഒക്ടോബർ 11 ഞായറാഴ്ച പ്രത്യേക സിറ്റിങ് നടത്തും.
പൊതുഗതാഗതം പൂർണമായി തടസ്സപ്പെടുത്തരുതെന്ന കോടതി നിർദേശം അധികൃതർ പാലിച്ചില്ലെന്നാണ് കോടതിയലക്ഷ്യ ഹർജിയിലെ പ്രധാന ആരോപണം. മെട്രോ സ്റ്റേഷനുകൾ അടച്ചതും ട്രെയിൻ സർവീസുകൾ നിയന്ത്രിച്ചതും ചൂണ്ടിക്കാട്ടി അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠിയാണ് കോടതിയെ സമീപിച്ചത്. പ്രതിഷേധത്തെ നേരിടാനുള്ള നടപടികൾ സാധാരണ യാത്രക്കാരുടെ സഞ്ചാരത്തെയും ബാധിച്ചുവെന്നാണ് ഹർജിയിൽ ഉന്നയിക്കുന്ന വിഷയം.
അതേസമയം, രാഷ്ട്രീയ നേതാക്കളെയും അഭിഭാഷകരെയും മാധ്യമപ്രവർത്തകരെയും കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ രാജ്യസഭാംഗം മേനക ഗുരുസ്വാമി ഹേബിയസ് കോർപ്പസ് ഹർജി നൽകിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രിമാരും എംപിമാരും ഉൾപ്പെടെയുള്ളവരെ തടങ്കലിലാക്കിയതിന്റെ നിയമസാധുതയാണ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്.
ചിലരെ വീടുകളിൽനിന്ന് കസ്റ്റഡിയിലെടുത്തതായും പിന്നീട് എവിടേക്കാണ് മാറ്റിയതെന്ന വിവരം ലഭ്യമല്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം തടയുന്നതിന് കരുതൽ തടങ്കൽ ഉപയോഗിക്കരുതെന്നാണ് ഹർജിക്കാരിയുടെ വാദം. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും പ്രതിഷേധത്തിൽ പങ്കെടുത്ത അഭിഭാഷകരെയും തടഞ്ഞുവെച്ചതും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ, സുപ്രീംകോടതിക്ക് സമീപത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത അഭിഭാഷകരെ വിട്ടയക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഡൽഹി പൊലീസിന് നിർദേശം നൽകി. ബാർ അസോസിയേഷൻ പരാതി ഉന്നയിച്ചതിനെ തുടർന്നായിരുന്നു ഇടപെടൽ.

