തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നാളെ വോട്ടെടുപ്പ് നടക്കും. ഇന്ന് നിശബ്ദ പ്രചാരണം. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി 2.77 കോടി വോട്ടർമാരാണുള്ളത്. നാളെ രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.
സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇന്ന് കൂടി പോസ്റ്റൽ വോട്ട് ചെയ്യാനാവും. ഇതിനായുള്ള വോട്ടിംഗ് കേന്ദ്രങ്ങൾ ഇന്നുകൂടി പ്രവർത്തിക്കും. ജൂൺ നാലിനാണു വോട്ടെണ്ണൽ.