
ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രിയും കേരളത്തിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവുമായ ജോർജ്ജ് കുര്യൻ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. രാജ്യസഭാംഗമായുള്ള കാലാവധി അവസാനിച്ചതിനെ തുടർന്നാണ് രാജി സമർപ്പിച്ചത്.
ചൊവ്വാഴ്ച സമർപ്പിച്ച രാജിക്കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു. രാജി അടിയന്തര പ്രാബല്യത്തോടെ സ്വീകരിച്ചതായി രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഭരണഘടനയുടെ 75-ാം അനുച്ഛേദം (2) പ്രകാരമാണ് രാജി അംഗീകരിച്ചത്. കേന്ദ്ര മന്ത്രിസഭയിൽ ന്യൂനപക്ഷ ക്ഷേമം, മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായാണ് 65-കാരനായ ജോർജ്ജ് കുര്യൻ പ്രവർത്തിച്ചിരുന്നത്.
കേരളത്തിലെ ബിജെപിയുടെ പ്രമുഖ നേതാക്കളിൽ ഒരാളായ ജോർജ്ജ് കുര്യന്റെ രാജി രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുകയാണ്. അദ്ദേഹത്തിന്റെ പിൻഗാമിയെ സംബന്ധിച്ചുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.


