
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന കേസുമായി ബന്ധപ്പെട്ട് എന്‍എസ്എസ് സുപ്രീംകോടതിയില്‍ ഉന്നയിച്ച വാദങ്ങളെ തള്ളി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രങ്ങളില്‍ ആര്‍ക്കൊക്കെ പ്രവേശനം നല്‍കാമെന്ന് പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ തന്നെ തീരുമാനിക്കണമെന്ന എന്‍എസ്എസിന്റെ വാദത്തെയാണ് ബോര്‍ഡ് അതിശക്തമായി എതിര്‍ത്തത്. ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് അഭിഷേക് മനു സിങ്വി എട്ട് പേജുള്ള നിര്‍ണായകമായ ഒരു കുറിപ്പ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ സമര്‍പ്പിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച എന്‍എസ്എസിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് സി എസ് വൈദ്യനാഥനാണ് വിവാദമായ വാദം കോടതിയില്‍ ഉന്നയിച്ചിരുന്നത്. ഒരു പ്രത്യേക വിഭാഗവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളില്‍ പ്രവേശന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ആ വിഭാഗത്തില്‍പ്പെട്ടവര്‍ തന്നെയായിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഈ വാദത്തോട് അന്ന് തന്നെ ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ബി വി നാഗരത്ന വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡും ഔദ്യോഗികമായി തങ്ങളുടെ വിയോജിപ്പ് കോടതിയെ അറിയിച്ചിരിക്കുന്നത്.പൊതുക്ഷേത്രങ്ങളില്‍ ജാതിയുടെയോ വര്‍ഗ്ഗത്തിന്റെയോ അടിസ്ഥാനത്തിലുള്ള യാതൊരുവിധ വിലക്കുകളും തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ വ്യക്തമാക്കുന്നു. ശബരിമലയിലെ വിഷയത്തില്‍, അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയായതിനാല്‍ അവിടെ യുവതി പ്രവേശനത്തിനുള്ള വിലക്ക് അനിവാര്യമാണെന്നും അത് മാറ്റരുതെന്നും ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു.


