തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ പൊലീസിനെതിരെ ഉയര്‍ന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിനെയും എസിപി സുദര്‍ശനെയും സ്ഥലം മാറ്റാന്‍ നിര്‍ദേശം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്. പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രമസമാധാന ചുമതയുള്ള എഡിജിപിക്ക് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്കി. വിവാദങ്ങളുണ്ടായിട്ടും ഡിജിപി റിപ്പോര്‍ട്ട് തേടിയിരുന്നില്ല.
പൂരത്തിന് ആനകള്‍ക്കു നല്കാന് കൊണ്ടു വന്ന പട്ടയും കുടമാറ്റത്തിനുള്ള കുടയും തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകന് തടയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ”എടുത്തോണ്ട് പോടാ പട്ട” എന്നു പറഞ്ഞ് കമ്മീഷണര്‍ കയര്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിനു പിന്നാലെ കുടമാറ്റത്തിനായി കൊണ്ടുവന്ന കുടകള്‍ പൊലീസ് തടയുന്നതും ദൃശ്യങ്ങളിലുണ്ട്. കുടമാറ്റത്തിനു മുന്‍പായി ഗോപുരത്തിനുള്ളിലേക്ക് കുടകള്‍ കൊണ്ടുവന്നപ്പോഴാണ് തടഞ്ഞത്. തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂര പ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് വച്ച് കെട്ടിയടച്ചും പൊലീസ് പരിധിവിട്ടതാണു വിവാദമായത്.