കൊച്ചി: നെടുമ്പാശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിലെ പ്രതി സുഹൈൽ സജീവിനെ കോടതിയിൽ ഹാജരാക്കി. കാക്കനാട്ടെ ബോസ്റ്റൽ സ്കൂളിൽനിന്ന് കൊണ്ടുവന്ന സുഹൈൽ തലമുടി പറ്റെവെട്ടിയ നിലയിലായിരുന്നു.
മുടി വെട്ടാൻ ആരും നിർബന്ധിച്ചിട്ടില്ലെന്നും സ്വയം വെട്ടിയതാണെന്നും സുഹൈൽ അറിയിച്ചതായി ബോസ്റ്റൽ സ്കൂൾ അധികൃതർ വ്യക്തമാക്കി. അന്തേവാസികളുടെ പൊതുവായ ഉപയോഗത്തിനായി നൽകിയിട്ടുള്ള ട്രിമ്മർ ഉപയോഗിച്ചാണ് മുടി വെട്ടിയതെന്നും അധികൃതർ അറിയിച്ചു.
അപകടക്കേസിലെ പ്രധാന പ്രതിയായ പത്തൊൻപതുകാരൻ സുഹൈൽ സജീവിനെതിരെ കുറ്റകരമായ നരഹത്യ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. സുഹൈലും സുഹൃത്തുക്കളും മൂന്ന് ബാറുകളിൽനിന്ന് മദ്യപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സുഹൈലിന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് എക്സൈസ് വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. 23 വയസ്സിൽ താഴെയുള്ളയാൾക്ക് മദ്യം നൽകിയതിന്റെ പേരിലാണ് നടപടി.

