മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിൽ സംഘടിപ്പിച്ച സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (സിജെപി) പ്രതിഷേധത്തിൽ പങ്കെടുത്തതിന് പിന്നാലെ ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ മുംബൈ പൊലീസ് നിർദേശിച്ചതായി റിപ്പോർട്ട്. ഒക്ടോബർ 28നകം ഇന്ത്യ വിടണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.
ബോളിവുഡ് താരം ആമിർ ഖാന്റെ അനന്തരവനായ ഇമ്രാൻ ഖാൻ അമേരിക്കൻ പൗരനാണ്. ഇന്ത്യൻ പൗരത്വത്തിന് പകരം ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡാണ് അദ്ദേഹത്തിനുള്ളത്. വിദേശ പൗരനായിരിക്കെ രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തത് ഒസിഐ വ്യവസ്ഥകളുടെ ലംഘനമാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോർട്ട്.
2025ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് പൊലീസ് നടപടി സ്വീകരിച്ചതെന്നാണ് വിവരം. വിദേശികളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം, താമസം, സഞ്ചാരം, രാജ്യം വിടൽ എന്നിവ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകൾ നിയമത്തിലുണ്ട്.
ഇമ്രാൻ ഖാനെതിരെ ബിജെപി നേതാവ് കിരിത് സോമയ്യ നേരത്തെ മുംബൈ പൊലീസിൽ പരാതി നൽകിയിരുന്നു. രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തതിലൂടെ ഇമ്രാൻ ഒസിഐ കാർഡിന്റെ നിബന്ധനകൾ ലംഘിച്ചുവെന്നായിരുന്നു പരാതിയിലെ ആരോപണം.
ഒക്ടോബർ 10ന് മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിലാണ് ഇമ്രാൻ ഖാൻ പങ്കെടുത്തത്. അദ്ദേഹത്തിന്റെ പങ്കാളിയും നടിയുമായ ലേഖ വാഷിങ്ടണും ബന്ധുവായ സെയ്ൻ മേരി ഖാനും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.
പ്രതിഷേധത്തിനിടെ പൊലീസ് വാഹനത്തിനുള്ളിൽ നിന്നുള്ള ചിത്രം ഇമ്രാൻ ഖാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. എന്തിനാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് അറിയില്ലെന്നും തെരുവിൽനിന്ന് തങ്ങളെ പൊലീസ് പിടിച്ചുകൊണ്ടുപോയെന്നും താരം വീഡിയോയിലൂടെ ആരോപിച്ചു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് ഏകദേശം 400 പേരെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. രണ്ട് മണിക്കൂറോളം പൊലീസ് വാഹനത്തിൽ കൊണ്ടുനടന്നശേഷമാണ് ഇവരെ വിട്ടയച്ചതെന്നും ആരോപണമുണ്ട്. അതേസമയം, ഇമ്രാൻ ഖാന് നൽകിയതായി പറയുന്ന നോട്ടീസിന്റെ ഔദ്യോഗിക പകർപ്പോ പൊലീസ് വിശദീകരണമോ ലഭ്യമായിട്ടില്ല.

