കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മെവിൻ, യദുകൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്. വിദ്യാർഥികൾ ദേഹോപദ്രവം ചെയ്യുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്ന വൈസ് ചാൻസലർ സിസ തോമസിന്റെ പരാതിയിലാണ് നടപടി.
ഒരു സംഘം വിദ്യാർഥികൾ തന്നെ കൈയേറ്റം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി സിസ തോമസ് പരാതിയിൽ ആരോപിച്ചു. ഔദ്യോഗിക വാഹനത്തിന് കേടുപാടുകൾ വരുത്തിയതായും ഒപ്പമുണ്ടായിരുന്ന സിൻഡിക്കേറ്റ് അംഗങ്ങളും പേഴ്സണൽ സ്റ്റാഫും ആക്രമിക്കപ്പെട്ടതായും പരാതിയിൽ പറയുന്നു.
സർവകലാശാലയിലെ വിദ്യാർഥികൾക്കൊപ്പം പുറത്തുനിന്നെത്തിയവരും പ്രതിഷേധത്തിൽ പങ്കെടുത്തതായി വിസി ആരോപിച്ചു. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പുറമെ ഉന്നത വിദ്യാഭ്യാസ മന്ത്രി, ഡിജിപി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് ഗവർണറെയും വിസി ധരിപ്പിച്ചു. പൊലീസ് സാന്നിധ്യമുണ്ടായിരുന്നിട്ടും തന്നെയും സിൻഡിക്കേറ്റ് അംഗങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെന്നാണ് ഗവർണറെ അറിയിച്ചത്. ഗവർണറെ സന്ദർശിച്ച ശേഷമാണ് വിസി ഔദ്യോഗികമായി പരാതി നൽകിയത്.
സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായ സിസ തോമസ് നിലവിൽ കാലടി സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലർ ചുമതലയും താത്കാലികമായി വഹിക്കുകയാണ്.

