മനാമ: ഇന്ത്യൻ സ്കൂളിലെ ജീവനക്കാർക്ക് നൽകാനുള്ള ശമ്പളക്കുടിശ്ശികയും ലീവ് സാലറിയും അടിയന്തരമായി വിതരണം ചെയ്യണമെന്ന് ഇൻഡക്സ് ബഹ്റൈൻ ആവശ്യപ്പെട്ടു. അധ്യാപക ഒഴിവുകൾ ഉടൻ നികത്തി സ്കൂളിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് രക്ഷിതാക്കളുമായി തുറന്ന ചർച്ച നടത്തണമെന്നും സംഘടന വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം ഓവർഡ്രാഫ്റ്റ് എടുത്ത് നൽകുമെന്ന് ജൂലൈയിലെ ജനറൽ ബോഡി യോഗത്തിൽ സ്കൂൾ അധികൃതർ അറിയിച്ചിരുന്നതായി സംഘടന ചൂണ്ടിക്കാട്ടി. എന്നാൽ ജൂലൈയിലെ 75 ശതമാനം ശമ്പളം ഓഗസ്റ്റ് ആദ്യവാരത്തിലും ബാക്കി തുക അടുത്തിടെയുമാണ് നൽകിയതെന്നാണ് ആരോപണം. ഓഗസ്റ്റിലെ ശമ്പളത്തിന്റെ പകുതി മാത്രമാണ് ഇതുവരെ ലഭിച്ചതെന്നും ശേഷിക്കുന്ന തുക എപ്പോൾ നൽകുമെന്ന് വ്യക്തമല്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
മുൻപ് ജൂൺ മാസത്തെ ശമ്പളത്തോടൊപ്പം രണ്ടുമാസത്തെ ലീവ് സാലറി നൽകിയിരുന്ന പതിവ് നിലവിലെ ഭരണസമിതിയുടെ കാലത്ത് മാറ്റിയതായും ഇൻഡക്സ് ആരോപിച്ചു. ലീവ് സാലറി നൽകാൻ കഴിയില്ലെങ്കിൽ ജീവനക്കാരെ ഔദ്യോഗികമായി അറിയിക്കണം. ശമ്പളം മാത്രം ആശ്രയിച്ച് ജീവിക്കുന്നവരും കുടുംബത്തിൽ ജോലി നഷ്ടപ്പെട്ടവരുമടക്കം നിരവധി ജീവനക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സംഘടന വ്യക്തമാക്കി.
ജോലി നഷ്ടപ്പെടുമെന്ന ഭയത്താലാണ് അധ്യാപകർ ശമ്പളക്കുടിശ്ശിക സംബന്ധിച്ച് മന്ത്രാലയത്തിൽ പരാതിപ്പെടാത്തതെന്നാണ് മനസ്സിലാക്കുന്നതെന്നും സ്കൂളിൽ ഭയപ്പെടുത്തുന്ന അന്തരീക്ഷം നിലനിൽക്കുന്നതായും വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു.
മുതിർന്ന ക്ലാസുകളിലുൾപ്പെടെ പ്രധാന വിഷയങ്ങൾ പഠിപ്പിക്കാൻ ആവശ്യമായ അധ്യാപകരില്ലെന്നും പുതിയ സിബിഎസ്ഇ സിലബസ് നടപ്പാക്കുന്ന സാഹചര്യത്തിൽ ഗണിതം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇത് വിദ്യാർഥികളെ ബാധിക്കുമെന്നും ഇൻഡക്സ് ചൂണ്ടിക്കാട്ടി. പുതിയ അധ്യാപകരുടെ നിയമനത്തിന് സാമ്പത്തിക പ്രതിസന്ധിയാണോ തടസ്സമെന്ന് ഭരണസമിതി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
ഫീസ് കുടിശ്ശിക മാത്രമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് അംഗീകരിക്കാനാകില്ല. അമിത ഇടപെടലുകൾ, രാഷ്ട്രീയ തീരുമാനങ്ങൾ, അനാവശ്യ ചെലവുകൾ, ആസൂത്രണമില്ലായ്മ എന്നിവയും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്നാണ് സംഘടനയുടെ ആരോപണം. റിഫ ക്യാമ്പസിന്റെ വായ്പ പൂർണമായി അടച്ചതായും സ്കൂൾ ഗതാഗതവിഭാഗം ലാഭത്തിലാണെന്നാണ് ലഭിക്കുന്ന വിവരമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
ഫീസ് ഇളവ് അർഹരായ കുടുംബങ്ങൾക്ക് മാത്രമാണെന്ന് ഉറപ്പാക്കണമെന്നും ആനുകൂല്യങ്ങളുടെ വിതരണത്തിൽ സുതാര്യത വേണമെന്നും ഇൻഡക്സ് ആവശ്യപ്പെട്ടു. രാഷ്ട്രീയ താൽപര്യങ്ങൾക്കോ തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കോ വേണ്ടി ഫീസ് ഇളവ് ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആരോപണവും സംഘടന ഉന്നയിച്ചു.
സ്കൂളിനെ സഹായിക്കാൻ രക്ഷിതാക്കൾ തയ്യാറാണ്. എന്നാൽ ഭരണസമിതി രക്ഷിതാക്കളുമായി തുറന്ന ചർച്ച നടത്തുകയും രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് കൂട്ടായ പരിഹാരം കണ്ടെത്തുകയും വേണം. അധ്യാപക ഒഴിവുകൾ നികത്തുകയും മുഴുവൻ ശമ്പളക്കുടിശ്ശികയും ഉടൻ വിതരണം ചെയ്യുകയും ചെയ്യണമെന്ന് ഇൻഡക്സ് ബഹ്റൈൻ ആവശ്യപ്പെട്ടു.

