മനാമ: ബഹ്റൈൻ റോയൽ മറൈൻ ഫോഴ്സിനുവേണ്ടി വാങ്ങിയ ഖാലിദ് ബിൻ അലി സൈനിക കപ്പൽ ബഹ്റൈനിൽ എത്തി. ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബിഡിഎഫ്) കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ബഹ്റൈന്റെ കപ്പൽ ആർബിഎൻഎസ് ഖാലിദ് ബിൻ അലി എത്തിയത്.
ബഹ്റൈൻ സായുധ സേനയുടെ പരമോന്നത കമാൻഡർ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും പിന്തുണയോടെയാണ് പുതിയ കപ്പലിന്റെ വരവ്. ബി.ഡി.എഫ് കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ കപ്പലിന് സ്വീകരണം നൽകി.
പ്രതിരോധ കാര്യ മന്ത്രി ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ബിൻ ഹസൻ അൽ നൊയ്മി, ബി ഡി എഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ തിയാബ് ബിൻ സഖർ അൽ നോയ്മി എന്നിവരും ഉയർന്ന സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തു. ദേശീയ ഗാനം ആലപിക്കുകയും വിശുദ്ധ ഖുറാൻ വാക്യങ്ങൾ പാരായണം ചെയ്യുകയും ചെയ്തു. തുടർന്ന്, കപ്പൽ റോയൽ ബഹ്റൈൻ നേവൽ ഫോഴ്സിന്റെ (RBNF) കീഴിലുള്ള സൽമാൻ നേവൽ ബേസിൽ നങ്കൂരമിട്ടു.