തിരുവനന്തപുരം: സമരം ചെയ്യുന്നവരെ ശത്രുവായി കാണുന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വിഡി സതീശൻ. എല്ലാ സമരങ്ങളും തന്റെ നേരെയാണെന്നുള്ള ഏകാധിപതിയുടെ മനോഭാവമാണ് പിണറായിക്കെന്നും വിഡി സതീശൻ പറഞ്ഞു. റിമാൻഡിൽ കഴിയുന്ന യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ പൂജപ്പുര ജയിലിൽ അദ്ദേഹം സന്ദർശിച്ചു.
സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ റിമാൻഡിലായിരുന്ന 28 യൂത്ത് ലീഗ് പ്രവർത്തകർക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. പൊതുമുതൽ നശിപ്പിച്ചതിന് നഷ്ടപരിഹാരത്തുക കെട്ടിവച്ച ശേഷമാണ് ജാമ്യം ലഭിച്ചത്. പ്രവർത്തകർ 14 ദിവസം ജയിലിലായിരുന്നു. കേസിലെ ഒന്നാം പ്രതിയായ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ജാമ്യാപേക്ഷ നൽകിയിരുന്നില്ല. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
സർക്കാരിനെതിരെ യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസിന് പരിക്കേൽക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് പ്രതികളെ റിമാൻഡ് ചെയ്തത്.