ന്യൂഡൽഹി: ഫുക്കറ്റ്–ഡൽഹി സർവീസ് നടത്തിയ വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡ് ലഹരിവസ്തു ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പിരിച്ചുവിട്ടതായി എയർ ഇന്ത്യ അറിയിച്ചു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.
സുരക്ഷയ്ക്കാണ് കമ്പനി പരമപ്രധാന പരിഗണന നൽകുന്നതെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ, ശാരീരികക്ഷമതാ വ്യവസ്ഥകൾ, നിയന്ത്രണ നിർദേശങ്ങൾ എന്നിവയുടെ ലംഘനത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പൈലറ്റിനെ അടിയന്തരമായി സർവീസിൽനിന്ന് പിരിച്ചുവിട്ടതെന്നും കമ്പനി അറിയിച്ചു.
ഓഗസ്റ്റ് നാലിന് ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഒഡീഷയ്ക്കു മുകളിലൂടെ പറക്കുന്നതിനിടെ അപ്രതീക്ഷിതമായി ഏകദേശം 300 അടി താഴ്ന്നിരുന്നു. സംഭവത്തിൽ 20 യാത്രക്കാർക്കും നാല് ക്യാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്.
വിമാനത്തിന്റെ ഉയരത്തിൽ പെട്ടെന്നുണ്ടായ വ്യതിയാനത്തെ തുടർന്ന് അധികൃതർ അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിനു പിന്നാലെ എയർ ഇന്ത്യയിലെയും എയർ ഇന്ത്യ എക്സ്പ്രസിലെയും പൈലറ്റുമാർക്ക് ലഹരിനിർണയ പരിശോധന നിർബന്ധമാക്കുകയും ചെയ്തു.

