
മനാമ: ബഹ്റൈനിലെ പ്രവർത്തനത്തിന്റെ 20-ാം വാർഷികം ആഘോഷിച്ച് ലുലു ഗ്രൂപ്പ്. രണ്ടു പതിറ്റാണ്ടായി രാജ്യത്തിന്റെ സാമ്പത്തിക വളർച്ച, പ്രാദേശിക തൊഴിൽ, ഭക്ഷ്യസുരക്ഷ, ബഹ്റൈനി സംരംഭങ്ങൾ, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ നൽകിയ സംഭാവനകൾ അടയാളപ്പെടുത്തിയാണ് വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചത്.
ലുലു ദാന മാളിൽ നടന്ന ആഘോഷപരിപാടി ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. തൊഴിൽ–നിയമകാര്യ മന്ത്രി യൂസഫ് ബിൻ അബ്ദുൽഹുസൈൻ ഖലഫ്, വ്യവസായ–വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു, ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ബഹ്റൈനിലെ പ്രാരംഭ പ്രവർത്തനങ്ങളിൽനിന്ന് വളർന്ന് നിലവിൽ രാജ്യത്തുടനീളം 13 സ്റ്റോറുകളുള്ള പ്രധാന റീട്ടെയിൽ ശൃംഖലയായി ലുലു മാറിയിട്ടുണ്ട്. പ്രവർത്തനവിപുലീകരണത്തിനൊപ്പം ബഹ്റൈനി പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പ്രാദേശിക പ്രതിഭകളെ വളർത്തുക, ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുക, കർഷകരുമായും ഉൽപാദകരുമായും സംരംഭകരുമായും സഹകരണം വർധിപ്പിക്കുക തുടങ്ങിയ മേഖലകൾക്ക് ഗ്രൂപ്പ് പ്രാധാന്യം നൽകി.
നിലവിൽ 150-ലധികം ബഹ്റൈനി കമ്പനികളുമായും ചെറുകിട–ഇടത്തരം സംരംഭങ്ങളുമായും ലുലു സഹകരിക്കുന്നുണ്ട്. പ്രാദേശിക കർഷകർ, ഉൽപാദകർ, സംരംഭകർ എന്നിവരുടെ ഉൽപന്നങ്ങൾക്ക് വിപുലമായ വിപണി ലഭ്യമാക്കുന്നതിനൊപ്പം ‘മെയ്ഡ് ഇൻ ബഹ്റൈൻ’ ഉൽപന്നങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാനും ഈ പങ്കാളിത്തം സഹായിച്ചതായി ലുലു ഗ്രൂപ്പ് അറിയിച്ചു.

ബഹ്റൈന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് യൂസഫലി
ലുലുവിന്റെ വളർച്ചാപഥത്തിൽ ബഹ്റൈന് നിർണായക സ്ഥാനമാണുള്ളതെന്ന് എം.എ. യൂസഫലി പറഞ്ഞു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി രാജ്യത്തിന്റെ വളർച്ചയ്ക്കൊപ്പം മുന്നേറാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും ദീർഘവീക്ഷണമുള്ള നേതൃത്വത്തിനും ബഹ്റൈൻ ജനതയുടെ വിശ്വാസത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു.
ബഹ്റൈനിൽ കൂടുതൽ നിക്ഷേപം നടത്തുക, ബഹ്റൈനി യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പ്രാദേശിക ബിസിനസുകളെ പിന്തുണയ്ക്കുക, രാജ്യത്തിന്റെ വളർച്ചയ്ക്കും സമൃദ്ധിക്കും സംഭാവന നൽകുക എന്നിവയ്ക്കായിരിക്കും ലുലുവിന്റെ ഭാവിപ്രവർത്തനങ്ങളിൽ മുൻഗണനയെന്നും യൂസഫലി വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷയ്ക്കും ബഹ്റൈനൈസേഷനും പിന്തുണ
ആഗോള വിതരണശൃംഖലയിൽ തടസ്സങ്ങൾ നേരിട്ട ഘട്ടങ്ങളിലും ലുലുവിന്റെ അന്താരാഷ്ട്ര സംഭരണശൃംഖല പ്രയോജനപ്പെടുത്തി അവശ്യ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ ശ്രമിച്ചതായി ഗ്രൂപ്പ് അറിയിച്ചു. ഇതിലൂടെ ബഹ്റൈന്റെ ഭക്ഷ്യസുരക്ഷയ്ക്കും വിതരണശൃംഖലയുടെ സ്ഥിരതയ്ക്കും പിന്തുണ നൽകാൻ സാധിച്ചു.
ബഹ്റൈനൈസേഷനും ഗ്രൂപ്പിന്റെ പ്രധാന മുൻഗണനകളിലൊന്നാണ്. വിവിധ പ്രവർത്തനമേഖലകളിൽ ബഹ്റൈനി പൗരന്മാരെ നിയമിക്കുന്നതിനൊപ്പം, റീട്ടെയിൽ മേഖലയിലെ നേതൃത്വപദവികളിലേക്ക് ഉയരാൻ കഴിയുന്ന വിധത്തിൽ ദീർഘകാല പരിശീലനവും തൊഴിൽവികസന അവസരങ്ങളും നൽകുന്നുണ്ട്.

സാമൂഹിക–മാനുഷിക പ്രവർത്തനങ്ങളിലും സജീവം
വ്യാപാര പ്രവർത്തനങ്ങൾക്കപ്പുറം വിദ്യാഭ്യാസം, കായികം, മാനുഷിക സേവനം, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിലും ലുലു ഗ്രൂപ്പ് പിന്തുണ നൽകിവരുന്നു. ക്രൗൺ പ്രിൻസ് ഇന്റർനാഷണൽ സ്കോളർഷിപ്പ് പ്രോഗ്രാം, റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്നിവയുൾപ്പെടെയുള്ള നിരവധി പദ്ധതികളുമായി ഗ്രൂപ്പ് സഹകരിക്കുന്നുണ്ട്.
‘ഓരോ ഇടനാഴിയിലും ലോകത്തെ ആഘോഷിക്കുന്നു’ എന്ന പ്രമേയത്തിലാണ് 20-ാം വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ലുലുവിന്റെ അന്താരാഷ്ട്ര സ്വഭാവവും ബഹ്റൈനുമായുള്ള ആഴത്തിലുള്ള ബന്ധവും പ്രതിഫലിപ്പിക്കുന്നതാണ് ഈ പ്രമേയമെന്ന് അധികൃതർ പറഞ്ഞു.
ബഹ്റൈനിലെ നിക്ഷേപം വർധിപ്പിക്കാനും പ്രാദേശിക പ്രതിഭകൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും ബഹ്റൈനി കമ്പനികളുമായും ചെറുകിട–ഇടത്തരം സംരംഭങ്ങളുമായുമുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനും ലുലു ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.
എക്സ്പോർട്ട് ബഹ്റൈൻ പ്രതിനിധികൾ, ലുലു റീട്ടെയിൽ ഡയറക്ടർ ജുസർ രൂപാവാല, ലുലു ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.


