തിരുവനന്തപുരം: പൊതുവേദികളിൽ സ്ത്രീകൾ പങ്കെടുക്കുന്നതിനും വീടിന് പുറത്തിറങ്ങുന്നതിനുമെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശങ്ങളെ തള്ളി പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി. ഇസ്ലാമിൽ ലിംഗവിവേചനമില്ലെന്നും സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് മതപ്രമാണങ്ങളിൽ എവിടെയും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച നടന്ന ജുമുഅ ഖുതുബയിൽ ഖുർആൻ വചനങ്ങളും ഹദീസുകളും ഉദ്ധരിച്ചായിരുന്നു ഇമാമിന്റെ വിശദീകരണം. സ്വന്തം ആവശ്യങ്ങൾക്കായി സ്ത്രീകൾക്ക് പുറത്തിറങ്ങാമെന്നും അവരുടെ സാമൂഹിക ഇടപെടലുകൾക്ക് മതം വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രവാചകന്റെ കാലത്തുതന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും സ്ത്രീകൾക്ക് പുറത്തിറങ്ങാൻ അനുവാദമുണ്ടെന്ന് പ്രവാചകൻ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇമാം ചൂണ്ടിക്കാട്ടി.
പ്രവാചകപത്നി ആയിഷ ബീവി പൊതുരംഗത്ത് സജീവമായി ഇടപെടുകയും പോരാട്ടത്തിന് നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഉമർ ഖലീഫയുടെ ഭരണകാലത്ത് കമ്പോളങ്ങളുടെ മേൽനോട്ടമുൾപ്പെടെയുള്ള സുപ്രധാന ഭരണച്ചുമതലകൾ സ്ത്രീകൾക്ക് നൽകിയിരുന്നതായും ഇമാം പറഞ്ഞു.
പൊതുരംഗത്തെ സ്ത്രീകളുടെ സാന്നിധ്യത്തെയും നേതൃത്വത്തെയും എതിർക്കുന്ന യാഥാസ്ഥിതിക നിലപാടുകൾക്കുള്ള ശക്തമായ മറുപടിയായാണ് പാളയം ഇമാമിന്റെ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.

