മനാമ: ലുലു ഹൈപ്പർമാർക്കറ്റിന്റെ പുതിയ ശാഖ ബഹ്റൈനിൽ തുറന്ന് പ്രവർത്തനമാരംഭിച്ചു. ബഹ്റൈനിലെ പത്താമത്തെ ശാഖയാണ് ഗുദൈബിയയിൽ തുറന്നത്. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ പുതിയ ശാഖയുടെ ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം. എ യൂസഫലി, മന്ത്രിമാർ, വിശിഷ്ട വ്യക്തികൾ, സീനിയർ മാനേജ്മെന്റ് എന്നിവർ സന്നിഹിതരായിരുന്നു. ചരിത്രപ്രസിദ്ധമായ ഗുദൈബിയയിൽ 40,000 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് പുതിയ ഹൈപ്പർമാർക്കറ്റ് സജ്ജമായിരിക്കുന്നത്.
ബഹ്റൈന്റെ പുരോഗതിക്ക് ലുലു ഗ്രൂപ്പിന്റെ ശക്തമായ പിന്തുണയെ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ അഭിനന്ദിച്ചു. ഗുദൈബിയയിൽ തങ്ങളുടെ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് എം എ യൂസഫലി പറഞ്ഞു.
ബഹ്റൈനിലും മറ്റ് രാജ്യങ്ങളിലും ഗ്രൂപ്പിനായി ഏറ്റവും കൂടുതൽ ബഹ്റൈനികൾ ജോലി ചെയ്യുന്ന ഏറ്റവും മികച്ച ദേശസാൽക്കരണത്തിനുള്ള ജിസിസി-വൈഡ് അവാർഡ് അടുത്തിടെ നേടിയ ബഹ്റൈൻ ടീമിനെ എം എ യൂസഫലി അഭിനന്ദിച്ചു.
ഉദ്ഘാടന ചടങ്ങിൽ തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ, വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫഖ്രോ, മുനിസിപ്പൽ കാര്യ, കൃഷി മന്ത്രി എൻജിനീയർ വെയ്ൽ ബിൻ നാസർ അൽ മുബാറക്, ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.