തൃശൂർ: തളിക്കുളത്ത് ദേശീയപാതയ്ക്കു സമീപമുള്ള ഓയിൽ ആൻഡ് ഫ്ലോർ മില്ലിൽ വൻ തീപിടിത്തം. വെളിച്ചെണ്ണ, കൊപ്ര, മുളക്, മല്ലി, വിൽപ്പനയ്ക്കായി പായ്ക്ക് ചെയ്തുവച്ചിരുന്ന വിവിധ മസാലപ്പൊടികൾ, യന്ത്രങ്ങൾ എന്നിവ കത്തിനശിച്ചു. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ഇടശ്ശേരിക്കും പത്താംകല്ലിനും ഇടയിൽ പോക്കാക്കില്ലത്ത് മുഹമ്മദ് സലിയുടെ വീടിനു സമീപമുള്ള മില്ലിലാണ് തീപിടിത്തമുണ്ടായത്. അടഞ്ഞുകിടന്ന സ്ഥാപനത്തിൽനിന്ന് തീ ഉയരുന്നത് ഉടമയാണ് ആദ്യം കണ്ടത്. തുടർന്ന് അയൽവാസികളുടെ സഹായത്തോടെ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വൈദ്യുതി ഇല്ലാത്തതിനാൽ മോട്ടോർ പമ്പ് പ്രവർത്തിപ്പിക്കാനായില്ല.
ടാപ്പിൽനിന്ന് ചെറിയ ഹോസ് ഉപയോഗിച്ച് വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. സ്ഥാപനത്തിലെ ഗ്ലാസുകൾ പൊട്ടിത്തെറിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. പിന്നീട് നാട്ടികയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ വെള്ളം പമ്പ് ചെയ്ത് രാവിലെ 8.15-ഓടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കി.
വൈദ്യുതി ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മില്ലിൽ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണയിലേക്ക് തീ പടർന്നതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. നാട്ടിക ഫയർ സ്റ്റേഷനിലെ എസ്.എഫ്.ആർ.ഒ. കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

