കൊച്ചി: കോതമംഗലം പൊലീസ് ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയെന്ന കേസ് അന്വേഷിക്കുന്ന ഊന്നുകൽ ഇൻസ്പെക്ടറെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന പരാതിയിൽ അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്. ഇൻസ്പെക്ടറുടെ പരാതിയിൽ ക്രിമിനൽ ഭീഷണി, അശ്ലീല പരാമർശം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഓഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസെടുത്തതിനു പിന്നാലെ അർജുൻ ആയങ്കി ഫെയ്സ്ബുക്കിൽ പുതിയ കുറിപ്പും പങ്കുവച്ചു. പുതിയ ജീവിതം ആരംഭിക്കാൻ ശ്രമിച്ച തന്നെയും സുഹൃത്തുക്കളെയും പൊലീസ് ഒറ്റരാത്രികൊണ്ട് തകർത്തുവെന്നും ഇനിയൊന്നും പഴയതുപോലെയാകില്ലെന്നും കുറിപ്പിൽ പറയുന്നു. “ആകെ മുങ്ങിയാൽ കുളിരില്ല; അഴിയെങ്കിൽ അഴി, കയറാണെങ്കിൽ കയർ” എന്നും അദ്ദേഹം കുറിച്ചു.
കോതമംഗലം ഇൻസ്പെക്ടർക്കെതിരായ മുൻ കുറിപ്പിൽ “പെൻഷൻ വാങ്ങി ജീവിക്കാൻ സമ്മതിക്കില്ല” എന്നു പറഞ്ഞത് വധഭീഷണിയായിരുന്നില്ലെന്നും ഉദ്യോഗസ്ഥന്റെ ജോലി നഷ്ടപ്പെടുത്തുമെന്നാണ് ഉദ്ദേശിച്ചതെന്നും അർജുൻ ആയങ്കി വിശദീകരിച്ചു. കേസുകളൊന്നുമില്ലാതെ പുതിയ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിച്ച ആറുപേരെ പൊലീസ് പ്രതിസന്ധിയിലാക്കിയതായും അദ്ദേഹം ആരോപിച്ചു.
കേരള പൊലീസിനോട് ബഹുമാനം മാത്രമാണുള്ളതെന്നും തന്നോട് അന്യായം ചെയ്ത വ്യക്തിയോടാണ് പകയും വൈരാഗ്യവുമുള്ളതെന്നും കുറിപ്പിൽ പറയുന്നു. ദൈവത്തെ മാത്രമേ ഭയമുള്ളൂവെന്നും മനുഷ്യരെ ഭയമില്ലെന്നും അർജുൻ ആയങ്കി ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

