
ദോഹ: ഖത്തറിലെ പ്രധാന പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 54 പേർക്ക് പരിക്കേൽക്കുകയും 18 പേരെ കാണാതാകുകയും ചെയ്തതായി റിപ്പോർട്ട്. ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.
പൊതുമേഖലാ സ്ഥാപനമായ ഖത്തർ എനർജിയുടെ ബർസാൻ ഗ്യാസ് വിതരണ കേന്ദ്രത്തിലാണ് സ്ഫോടനം നടന്നത്. സമീപകാല സംഘർഷവുമായി ബന്ധപ്പെട്ട് ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

സ്ഫോടനത്തെ തുടർന്ന് മേഖലയിൽ വൻ തീപിടിത്തമുണ്ടായി. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും കാണാതായവർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
അതേസമയം, സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. സംഭവത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.


