ദുബായ്: ദുബായിലെ അൽ റാസ് ഏരിയയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 16 പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബായ് സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. റെസിഡൻഷ്യൽ കെട്ടിടത്തിന്റെ നാലാം നിലയിലുള്ള അപ്പാർട്ട്മെന്റിലാണ് വലിയ തീപിടിത്തമുണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് തലാൽ സൂപ്പർ മാർക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നാലാമത്തെ നിലയിൽ തീപിടിത്തമുണ്ടായത്.
മരിച്ചവരിൽ മലയാളികളും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. മലപ്പുറം സ്വദേശികളായ ഭാര്യയും ഭർത്താവുമാണ് മരിച്ച മലയാളികളിൽ രണ്ടുപേരെന്നാണ് സൂചന. കൂടാതെ, പാക്കിസ്ഥാൻ, ആഫ്രിക്കൻ സ്വദേശികളുമുണ്ടെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് വിവരം. വിൻഡോ എസി പൊട്ടിത്തെറിച്ചതാണ് അപകടം രൂക്ഷമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
പൊലീസും സിവിൽ ഡിഫൻസും രക്ഷാപ്രവർത്തനം നടത്തി. ക്രെയിനുപയോഗിച്ചാണ് കെട്ടിടത്തിൽ താമസിക്കുന്ന മറ്റുള്ളവരെ പുറത്തിറക്കിയത്. അതേസമയം, സംഭവത്തെക്കുറിച്ച് പൊലീസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.