നാഗർകോവിൽ: റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കന്യാകുമാരി സ്വദേശി അയ്യപ്പൻ (31) അറസ്റ്റിലായി. കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമം പോലീസ് തുടരുകയാണ്.
നവംബർ 18ന് രാവിലെ എട്ടുമണിയോടെ നാഗർകോവിൽ ജംഗ്ഷൻ സ്റ്റേഷനിലെ യാർഡിൽ നിർത്തിയിട്ടിരുന്ന നാഗർകോവിൽ–കോട്ടയം ട്രെയിനിന്റെ കോച്ചിൽ സീറ്റിനടിയിൽ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത റെയിൽവേ പോലീസ്, പോസ്റ്റുമോർട്ടം റിപ്പോർട്ടിനു പിന്നാലെ കൊലപാതകവും ബലാത്സംഗവും സ്ഥിരീകരിച്ച് അന്വേഷണം വിപുലീകരിച്ചു.
പ്രത്യേക അന്വേഷണ സംഘം സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്. നവംബർ 14ന് രാവിലെ എട്ടുമണിയോടെ കൊലപാതകം നടന്ന കോച്ചിൽനിന്ന് വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാൾ ഇറങ്ങിവരുന്ന ദൃശ്യം ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ അയ്യപ്പനാണെന്ന് സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു.
നവംബർ 14ന് അർധരാത്രി 12.30ഓടെ അഞ്ചാം പ്ലാറ്റ്ഫോമിലുണ്ടായിരുന്ന സ്ത്രീയെ പ്രതി ബലംപ്രയോഗിച്ച് 13-ാം നമ്പർ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലേക്ക് കൊണ്ടുപോയെന്നാണ് പ്രാഥമിക നിഗമനം. അവിടെവെച്ച് സ്ത്രീയെ ബലാത്സംഗം ചെയ്യുകയും മർദിച്ച് കൊലപ്പെടുത്തുകയും ചെയ്തതായാണ് കേസ്.
കഴിഞ്ഞ നാല് മാസമായി അയ്യപ്പൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്ഥിരമായി കറങ്ങിനടന്നിരുന്നതായി പ്രദേശവാസികൾ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

