
മനാമ: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും നേപ്പാൾ സർക്കാരിനും ജനങ്ങൾക്കും ബഹ്റൈൻ അനുശോചനം അറിയിച്ചു. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ബഹ്റൈനിലെ നേപ്പാൾ എംബസി സന്ദർശിച്ചാണ് രാജ്യത്തിന്റെ അനുശോചനവും ഐക്യദാർഢ്യവും അറിയിച്ചത്.

റസുവയിലും സമീപപ്രദേശങ്ങളിലും ഉണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും കാണാതാവുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദർശനം. നേപ്പാൾ അംബാസഡർ തീർഥ രാജ് വാഗ്ലെയെ സന്ദർശിച്ച ഡോ. അൽ സയാനി, ദുരന്തബാധിതരുടെ കുടുംബങ്ങളോടുള്ള ബഹ്റൈന്റെ ആത്മാർഥമായ അനുശോചനം അറിയിച്ചു.

ദുരന്തത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കാണാതായവർ സുരക്ഷിതരായി തിരിച്ചെത്തട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാൾ ജനതയോടൊപ്പം ബഹ്റൈൻ നിലകൊള്ളുന്നതായും രാജ്യം പൂർണ ഐക്യദാർഢ്യവും സഹാനുഭൂതിയും അറിയിക്കുന്നതായും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.


