യുഎസ് : കരടിക്കുട്ടികളുടെ സംരക്ഷണത്തിനായി ആളുകളെ ക്ഷണിച്ച് യുഎസിലെ വന്യ ജീവി സംരക്ഷണ ഏജൻസിയായ ന്യൂ മെക്സിക്കോ ഡിപ്പാർട്ട്മെന്റ് ഓഫ് ഗെയിം ആൻഡ് ഫിഷ്. ‘ബിയർ ഹഗ്ഗർമാരെ’ ആവശ്യമുണ്ടെന്ന പരസ്യത്തോടെയാണ് അധികൃതർ വാർത്ത അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെച്ചത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 30. ദുഷ്കരമായ സാഹചര്യങ്ങളിൽ കാൽനടയായി യാത്ര ചെയ്യാനും കരടികളുടെ മാളങ്ങളിൽ പോയി ആവശ്യമായ പരിചരണം നൽകാനും തയ്യാറാകുക എന്നതാണ് ജോലിക്ക് അപേക്ഷിക്കുന്നവർക്ക് ആവശ്യമായ പ്രധാന യോഗ്യതയെന്ന് ഏജൻസി പറയുന്നു.
ന്യൂ മെക്സിക്കോയിൽ കറുത്ത കരടികൾ ഇപ്പോൾ വ്യാപകമായി വംശനാശഭീഷണി നേരിടുന്നു. ശേഷിക്കുന്ന കരടികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ജീവനക്കാരെ നിയമിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിൽ കറുത്ത കരടികളെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ ഇപ്പോഴും വ്യാപകമായി വേട്ടയാടപ്പെടുന്നു. ഇത് തടയുക കൂടിയാണ് വന്യജീവി സംരക്ഷണ ഏജൻസി ലക്ഷ്യമിടുന്നത്.