
മനാമ: തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട ഇടപാടുകൾക്കായി സ്ഥാപനങ്ങൾ നിയോഗിക്കുന്ന പ്രതിനിധികളുടെ അനുമതികളും അധികാരങ്ങളും പുതുക്കാൻ പുതിയ ഡിജിറ്റൽ സേവനം അവതരിപ്പിച്ച് ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ). അപേക്ഷ സമർപ്പിച്ച് ഒരു പ്രവൃത്തിദിവസത്തിനകം നടപടികൾ പൂർത്തിയാക്കാനാകുമെന്നതാണ് സേവനത്തിന്റെ പ്രത്യേകത.
വിവരങ്ങൾ നൽകൽ, അപേക്ഷകൾ സമർപ്പിക്കൽ, ഫീസ് അടയ്ക്കൽ, വർക്ക് പെർമിറ്റുകൾ പ്രിന്റ് ചെയ്യൽ തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്നതിനുള്ള അനുമതികൾ ഈ സംവിധാനത്തിലൂടെ നൽകാനാകും. സ്ഥാപനങ്ങൾക്ക് പ്രതിനിധികളെ ചുമതലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ ലളിതമാക്കുകയാണ് ലക്ഷ്യം.
പൂർണമായും ഡിജിറ്റലാക്കിയ സേവനത്തിലൂടെ ആവശ്യമായ രേഖകളുടെ എണ്ണം 50 ശതമാനം കുറച്ചു. ഇലക്ട്രോണിക് ഫോമുകൾ ഉൾപ്പെടുത്തിയതിനൊപ്പം വെബ്സൈറ്റിലെയും മറ്റ് പ്ലാറ്റ്ഫോമുകളിലെയും സേവനവിവരങ്ങളും ഏകീകരിച്ചിട്ടുണ്ട്.
ഉപയോക്താക്കൾക്ക് ലളിതവും വ്യക്തവുമായ സേവനാനുഭവം ഉറപ്പാക്കാനുള്ള എൽഎംആർഎയുടെ ശ്രമങ്ങളുടെ ഭാഗമാണ് പരിഷ്കാരമെന്ന് ഓപ്പറേഷൻസ് ആൻഡ് സർവീസസ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് അഹമ്മദ് ഇബ്രാഹിം അൽ അറബി പറഞ്ഞു. സ്ഥാപനങ്ങളുടെ സമയവും അധ്വാനവും ലാഭിക്കാനും തൊഴിൽ വിപണിയിലെ സേവനസംവിധാനം ശക്തിപ്പെടുത്താനും പുതിയ നടപടി സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ സേവനങ്ങൾ പുനഃസംഘടിപ്പിച്ച് കൂടുതൽ ഉപയോക്തൃസൗഹൃദമാക്കുന്ന ദേശീയ പദ്ധതിയുടെ ഭാഗമായാണ് സേവനം നവീകരിച്ചത്. തവാസുൽ സംവിധാനത്തിലൂടെ ലഭിക്കുന്ന നിർദേശങ്ങൾ, നിക്ഷേപകരുടെ അഭിപ്രായങ്ങൾ, സേവനനിലവാരം വിലയിരുത്തുന്ന രഹസ്യ പരിശോധനാ റിപ്പോർട്ടുകൾ എന്നിവ പരിഗണിച്ചാണ് പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.
ഈ ദേശീയ പദ്ധതിയുടെ ഭാഗമായി ഇതിനകം 1,300-ലധികം സർക്കാർ സേവനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ സർക്കാർ മേഖലകളിലായി എണ്ണൂറോളം സേവനങ്ങളുടെ നവീകരണവും പുരോഗമിക്കുകയാണ്.


