
മനാമ: വടകര സഹൃദയവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘പൂവിളി 2026’ ഓണാഘോഷം വിപുലമായ ജനപങ്കാളിത്തവും വൈവിധ്യമാർന്ന കലാപരിപാടികളും കൊണ്ട് ശ്രദ്ധേയമായി. ബഹ്റൈനിലെ സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടനാ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടന്ന ഓണാഘോഷ പരിപാടികൾ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ഉദ്ഘാടനം ചെയ്തു. വടകര സഹൃദവേദി സെക്രട്ടറി എം. സി പവിത്രൻ സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് എൻ.പി. അഷറഫ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ,
ICRF അഡ്വൈസർ ഡോ. ബാബു രാമചന്ദ്രൻ എന്നിവർ ഓണാശംസകൾ നേർന്നു. ബഹ്റൈനിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും ചന്ദ്രമ്മ മാധവൻ നായർ (CMN) ട്രസ്റ്റ് ചെയർമാനുമായ പമ്പാവാസൻ നായർ, സഹൃദയവേദി മുഖ്യ രക്ഷാധികാരി ആർ. പവിത്രൻ എന്നിവരും ആശംസകൾ അർപ്പിച്ചു. പരിപാടിയുടെ ആസൂത്രണം മുതൽ നടത്തിപ്പ് വരെയുള്ള സഹൃദയവേദി പ്രവർത്തകരുടെ കൂട്ടായ്മയെയും ചിട്ടയായ പ്രവർത്തനത്തെയും സംഘാടന മികവിനെയും ഡോ. ബാബു രാമചന്ദ്രൻ ഉൾപ്പെടെ ആശംസ അർപ്പിച്ചവർ മുക്തകണ്ഠം പ്രശംസിച്ചു. ബഹ്റൈനിലെ വിവിധ സാമൂഹിക–സാംസ്കാരിക സംഘടനകളുടെ ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വടകര സഹൃദയവേദി കുടുംബാംഗങ്ങൾ അവതരിപ്പിച്ച സംഘഗാനം, ഒപ്പന, തിരുവാതിര എന്നിവ ആഘോഷത്തിന്റെ പ്രധാന ആകർഷണമായി. കുട്ടികളും മുതിർന്നവരും അണിനിരന്ന വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ മികച്ച നിലവാരം പുലർത്തുകയും സദസ്സിന്റെ നിറഞ്ഞ കൈയടി നേടുകയും ചെയ്തു.

പരമ്പരാഗത രീതിയിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയിൽ ആയിരത്തിലധികം പേർ പങ്കെടുത്തു. വലിയ ജനപങ്കാളിത്തത്തിനിടയിലും സദ്യയും കലാപരിപാടികളും മറ്റ് ക്രമീകരണങ്ങളും ചിട്ടയോടെയും സമയബന്ധിതമായും നടത്താൻ സഹൃദയവേദി പ്രവർത്തകർക്ക് കഴിഞ്ഞത് പ്രത്യേകം ശ്രദ്ധേയമായി.
“പൂവിളി 2026” ചെയർമാൻ അശോകൻ ടി., ട്രഷറർ വി. പി. രഞ്ജിത്ത് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രതിഭാ രക്ഷാധികാരി ശ്രീജിത്ത്, കെ.എം.സി.സി പ്രതിനിധി എ.പി ഫൈസൽ, ഒ.ഐ.സി.സി പ്രസിഡന്റ് ബഹ്റൈൻ ഗഫൂർ ഉണ്ണികുളം, ഐ.വൈ. സി.സി. പ്രസിഡണ്ട് റിച്ചി കളത്തൂരത്ത്,
സാമൂഹ്യപ്രവർത്തകനായ ഇ. വി രാജീവൻ എന്നിവർ ഓണാശംസകൾ അറിയിച്ചു. ‘പൂവിളി 2026’ ജനറൽ കൺവീനർ ശശിധരൻ എം. നന്ദി രേഖപ്പെടുത്തി.
പ്രവാസലോകത്ത് ഓണത്തിന്റെ ഒരുമയും സൗഹൃദവും സാംസ്കാരിക പൈതൃകവും പങ്കുവെച്ച ജനകീയ ആഘോഷമായി ‘പൂവിളി 2026’ മാറി. ആയിരത്തിലധികം പേരുടെ പങ്കാളിത്തവും സഹൃദയവേദി കുടുംബാംഗങ്ങളുടെ മികച്ച കലാപ്രകടനങ്ങളും പ്രവർത്തകരുടെ കൂട്ടായ സംഘാടന മികവും ഇത്തവണത്തെ പൂവിളിയെ ശ്രദ്ധേയമാക്കി.


