കുവൈറ്റ് സിറ്റി: കുവൈറ്റിൽ നടത്തിയ ആദ്യ ഇരട്ട ശസ്ത്രക്രിയ സമ്പൂർണ വിജയം. 82 വയസ്സുള്ള ഒരു രോഗിയുടെ ഇടുപ്പ്, കാൽമുട്ട് സന്ധികൾ മാറ്റുന്നതിനാണ് ഇരട്ട ശസ്ത്രക്രിയ നടത്തിയത്. പെൽവിക് സന്ധിയിലും കാൽമുട്ടിലും ഒടിവ് മൂലം വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. സാധാരണ സാഹചര്യങ്ങളിൽ, പെൽവിക് സന്ധി പ്രത്യേക ശസ്ത്രക്രിയയിലൂടെ മാറ്റിസ്ഥാപിക്കുകയും കാൽമുട്ട് സന്ധി മറ്റൊരു ശസ്ത്രക്രിയയിലൂടെ മാറ്റിസ്ഥാപിക്കുകയുമാണ് ചെയ്യുന്നത്.
കഠിനമായ വേദന അനുഭവിക്കുന്ന രോഗിയുടെ അവസ്ഥ കണക്കിലെടുത്താണ് ഇരട്ട ശസ്ത്രക്രിയ നടത്തിയത്. ജാബിർ അൽ അഹ്മദ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. രോഗി ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്ന് ആശുപത്രിയിലെ ഓർത്തോപീഡിക് ആൻഡ് ജോയിന്റ് റീപ്ലേസ്മെന്റ് കണ്‍സൾട്ടന്റ് ഡോ. സലാമ അയ്യദ് അറിയിച്ചു.