കേരളത്തിന്റെ ടൂറിസം ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് കേരളവും മധ്യപ്രദേശും ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ പുതിയ കരാര്‍ ഒപ്പിട്ടു. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടപ്പാക്കുന്ന വിധത്തില്‍ മധ്യപ്രദേശില്‍ ആരംഭിക്കുന്നതിനുള്ള കരാറാണ് ഒപ്പിട്ടത്. ധാരണാപത്രപ്രകാരം 2022 വരെയാണ് കരാര്‍. കരാര്‍ പ്രകാരം പദ്ധതിയുടെ നിര്‍വഹണ ചുമതല മധ്യപ്രദേശില്‍ മധ്യപ്രദേശ് ടൂറിസം ബോര്‍ഡിനും കേരളത്തിനു വേണ്ടി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനുമാണ്.
ഉത്തരവാദിത്തടൂറിസം സംസ്ഥാന മിഷന് കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്കുമാര്‍ കേരളത്തിന് വേണ്ടിയും മധ്യപ്രദേശ് ടൂറിസം ബോര്‍ഡ് ഡയറക്ടര്‍ ഡോ: മനോജ്കുമാര്‍ സിംഗ് മധ്യപ്രദേശിനുവേണ്ടിയും യഥാക്രമം നോഡല്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കും. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തന മാര്‍ഗരേഖ തയ്യാറാക്കുന്നതു മുതല്‍ നിര്‍വഹണം വരെയുള്ള 16 കാര്യങ്ങളാണ് മധ്യപ്രദേശില്‍ നടപ്പാക്കുന്നതിന് മധ്യപ്രദേശ് ടൂറിസം ബോര്‍ഡിനെ ഉത്തരവാദിത്ത ടൂറിസം മിഷന് സഹായിക്കുക.
മധ്യപ്രദേശ് ടൂറിസം ബോര്‍ഡ്, മധ്യപ്രദേശ് സംസ്ഥാനത്ത് ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിലെക്കായി വിവിധ സഹായങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനെ സമീപിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവിധ തവണ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇരു സംസ്ഥാന സര്‍ക്കാരുകളും കരാറിന് അന്തിമ രൂപം നല്‍കിയത്. കരാറിന്റെ ഭാഗമായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വഴി പ്രാദേശിക സമൂഹത്തെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാദിത്ത പൂര്‍ണമായ ഒരു ടൂറിസം സംസ്കാരം കേരളത്തില്‍ വളര്‍ത്തിയെടുക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്. പ്രാദേശികമായും ദേശീയ അന്തര്‍ദ്ദേശീയ തലത്തിലും ഈ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു.