തിരുവനന്തപുരം: കല്യാണവീട്ടില്‍ നിന്നു മോഷണം പോയ സ്വര്‍ണം ദിവസങ്ങള്‍ക്കു ശേഷം വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ . കാട്ടാക്കട മാറനല്ലൂരിലാണ് സംഭവമുണ്ടായത്. 17.5 പവന് സ്വര്‍ണം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയില്‍ ഇന്നു രാവിലെ വീടിനു സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സ്വർണം ഉപേക്ഷിച്ചത്.
14നാണ് സംഭവമുണ്ടായത്. മാറനല്ലൂര്‍ പുന്നൂവൂരില്‍ ഗില്ലിന് എന്നയാളുടെ വീട്ടിലാണ് വിവാഹത്തിനിടെ മോഷണം നടന്നത്. വിവാഹശേഷം വരനും വധുവും ബന്ധുവീട്ടില്‍ വിരുന്നിനു പോയ ശേഷം രാത്രി തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഗിലിന്റെ ഭാര്യയുടെ ആഭരണങ്ങളാണ് നഷ്ടമായത്. 30 പവന് സ്വര്‍ണം വച്ചിരുന്ന ബാഗില്‍നിന്ന് 17.5 പവന് ആണ് നഷ്ടപ്പെട്ടത്.
തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കി. പൊലീസ് എത്തി സംശയമുള്ളവരെ ചോദ്യം ചെയ്യുകയും വിരലടയാളം ഉള്‍പ്പെടെ പരിശോധിക്കുകയും ചെയ്തു. പിന്നാലെയാണ് സ്വർണം ഉപേക്ഷിച്ചത്. പിടിക്കപ്പെടും എന്ന് ഉറപ്പായതോടെ സ്വര്‍ണം തിരികെ വയ്ക്കുകയായിരുന്നുവെന്നു മാറനല്ലൂര്‍ പൊലീസ് പറയുന്നു.