
ന്യൂഡൽഹി: ലെബനനിൽ പേജറുകൾ പൊട്ടിത്തെറിച്ച സംഭവവുമായി ബന്ധപ്പെട്ട് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബൾഗേറിയ. ബൾഗേറിയൻ തലസ്ഥാനമായ സോഫിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാദേശിക കമ്പനിയായ നോർട്ട ഗ്ലോബൽ ലിമിറ്റഡാണ് പേജറുകൾ ഹിസ്ബുള്ളയ്ക്ക് കൈമാറിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിനെത്തുടർന്നാണ് കൂടുതൽ അന്വേഷണം ആരംഭിച്ചത്. വയനാട് മാനന്തവാടി സ്വദേശിയും നോർവീജിയൻ പൗരത്വമുള്ള റിൻസൺ ജോസിന്റെ കമ്പനിയാണിതെന്നാണ് റിപ്പോർട്ട്.
ലിങ്ക്ഡിൻ അക്കൗണ്ടിൽ ഡിജിറ്റൽ മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് റിൻസൺ എന്നാണ് വ്യക്തമാക്കുന്നത്. ഓട്ടോമേഷൻ, മാർക്കറ്റിംഗ്, എഐ തുടങ്ങിയവയിലും താത്പര്യമുണ്ടെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്. നോർട്ട ഗ്ലോബൽ 2022 ഏപ്രിലിലാണ് സ്ഥാപിതമായത്. സ്ഫോടന പരമ്പരകളിൽ ബൾഗേറിയയിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ പങ്ക് അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ബൾഗേറിയൻ സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കുന്നുന്നു. അതേസമയം, ബൾഗേറിയയിൽ പേജറുകൾ കയറ്റുമതി ചെയ്തതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബൾഗേറിയൻ സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസി അറിയിക്കുന്നത്. ഹംഗറി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെൽ കമ്പനിയായ ബിഎസി കൺസൾട്ടിംഗ് ഇടനിലക്കാരായി പ്രവർത്തിച്ചാണ് പേജറുകൾ ഹിസ്ബുള്ളയ്ക്ക് കൈമാറിയതെന്നാണ് റിപ്പോർട്ട്. ഈ കമ്പനി ഇസ്രയേൽ ചാര സംഘനടനായ മൊസാദിന്റെ സൃഷ്ടിയാണെന്നാണ് കരുതുന്നത്. ഓഫീസോ ഫാക്ടറിയോ ഇല്ലാത്ത ഈ സ്ഥാപനത്തെക്കുറിച്ച് ഹംഗേറിയൻ അധികൃതർക്ക് നേരത്തേ തന്നെ സംശയമുണ്ടായിരുന്നു.
