തിരുവനന്തപുരം: ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്തി കടന്നുകളയാൻ ശ്രമിച്ചവരെ സാഹസികമായി പിന്തുടർന്ന് പിടികൂടി എക്സൈസ്. കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് (KEMU), തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരെയാണ് വാഹന പരിശോധനയ്ക്കിടെ അപകടകരമായി വാഹനം വേഗത കൂട്ടി ഓടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്.
വാഹനത്തിൽ നിയമവിരുദ്ധമായതെന്തോ ഉണ്ടെന്നുള്ള സംശയത്തിൽ എക്സൈസ് സംഘം വാഹനത്തിനെ പിന്തുടരുകയും എന്നാൽ വാഹനം നിർത്താതെ അമിതവേഗത്തിൽ പൂവ്വാർ ഭാഗത്തേക്ക് ഓടിച്ച് പോകുകയുമായിരുന്നു. ഇതിനിടയിൽ ബൈക്ക് യാത്രക്കാരനെയും ഇടിച്ചിട്ട് മുന്നോട്ട് പോയ വാഹനം പള്ളം മാർക്കറ്റിന് സമീപം വച്ച് എക്സൈസ് വാഹനം കുറുകെ കയറ്റി നിർത്തി ഇടിച്ചു നിർത്തിക്കുകയാരുന്നു.
വാഹനം പരിശോധിച്ചതിൽ 35 ലിറ്റർ അളവ് കൊള്ളുന്ന 28 കന്നാസുകളിൽ നിറയെ മണ്ണെണ്ണ കണ്ടെടുത്തു. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് അമിത ലാഭത്തിനായി മതിയായ രേഖകളില്ലാതെ കടത്തിയ മണ്ണെണ്ണയാണിത്. വാഹനത്തിൽ ഉണ്ടായിരുന്ന റിയോസ് എന്നയാളെയും കൂട്ട് പ്രതിയെയും പിടികൂടി തൊണ്ടി സഹിതം കാഞ്ഞിരംകുളം പോലീസിന് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ എ കെ അജയകുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) എം വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ ആർ രജിത്, ഹരിപ്രസാദ് എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.