
ടെഹ്റാൻ: ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ തങ്ങളും പിൻവാങ്ങാമെന്ന് ഇറാൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷനെ ഇറാൻ സമീപിച്ചു. സെക്രട്ടറി ജനറലുമായി ഇറാൻ വിദേശകാര്യ മന്ത്രി സംസാരിച്ചു. ഇരു രാജ്യങ്ങളും സംഘർഷം അവസാനിപ്പിക്കാനുള്ള ഒത്തുതീർപ്പിൽ എത്തുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

അതിനിടെ ആണവ റിയാക്ടറുകൾക്ക് സമീപം താമസിക്കുന്ന ഇറാൻ പൗരന്മാരോട് ഒഴിയാൻ ഇസ്രയേൽ നിർദശിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ എട്ട് പേർ കൊല്ലപ്പെട്ടു. ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നു. നിരവധി പേരെ കാണാനില്ലെന്നും റിപ്പോര്ട്ട്. രണ്ടാം ദിവസവും ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനം മറികടന്നാണ് ഇറാന്റെ പ്രത്യാക്രമണം.

ഏറ്റവും കനത്ത ആക്രമണം ഉണ്ടായത് ഇസ്രയേലിന്റെ സുപ്രധാന തുറമുഖ നഗരമായ ഹൈഫയിലാണ്. ഹൈഫ ഓയിൽ റിഫൈനറി ലക്ഷ്യമിട്ട് അടക്കം ഹൈപ്പർസോണിക് മിസൈലുകൾ പ്രയോഗിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. ഇസ്രയേലിന്റെ യുദ്ധവിമാന നിർമാണ കേന്ദ്രം ആക്രമിച്ചെന്നും ഇറാന് അവകാശപ്പെടുന്നു.

ഇറാന്റെ എണ്ണ സംഭരണികളും ഊർജ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇസ്രയേൽ രാത്രി നടത്തിയ വ്യോമാക്രമണങ്ങളിൽ ടെഹ്റാൻ അടക്കമുള്ള നഗരങ്ങളിൽ കനത്ത നാശമുണ്ടായി. ടെഹ്റാനിലെ പ്രതിരോധ മന്ത്രാലയം ആസ്ഥാനവും ഇസ്രയേൽ ആക്രമിച്ചു. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഫീൽഡ് ആയ സൗത്ത് പാർസ്, ഫജ്ർ ജാം ഗ്യാസ് റിഫൈനിംഗ്, അബാദാൻ ഓയിൽ റിഫൈനറി എന്നിവയെല്ലാം ആക്രമിക്കപ്പെട്ടു.

മധ്യ ഇറാനിലെ ഇസ്ഫഹാൻ, ഇറാന്റെ ആണവ പദ്ധതികളുടെ പ്രധാന കേന്ദ്രമാണ്. ഇവിടെ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തി. ഇതുവരെ ഇസ്രയേലിന്റെ ആക്രമണത്തിൽ നൂറിലേറെപ്പേർ ഇറാനിൽ കൊല്ലപ്പെട്ടു. ആയിരത്തോളം പേർക്ക് പരിക്കേറ്റു.
