
മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സ്കൂൾ ഏറെ പരിതാപകരമായ അവസ്ഥയിലായെന്ന് ആരോപണം
ബഹ്റൈൻ: ഇന്ത്യൻ സ്കൂളിന്റെ നല്ല പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യൻ സ്കൂൾ ഭരണസമിതിയായ പിപിഎയുമായി സഹകരിച്ചിരുന്നതെന്ന് ഇൻഡക്സ് ബഹ്റൈൻ അറിയിച്ചു. എന്നാൽ സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും അധ്യാപകരടക്കമുള്ള ജീവനക്കാരുടെയും ക്ഷേമത്തിനായുള്ള പുരോഗമനപരമായ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷകൾ നിറവേറ്റപ്പെട്ടില്ലെന്നും സംഘടന ആരോപിച്ചു.
മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സ്കൂൾ ഏറെ പരിതാപകരമായ അവസ്ഥയിലേക്കാണ് ഇപ്പോഴത്തെ ഭരണസമിതി എത്തിച്ചതെന്ന് ഇൻഡക്സ് ബഹ്റൈൻ പ്രസ്താവനയിൽ പറഞ്ഞു. തിരഞ്ഞെടുത്ത ഭരണസമിതിയെ പോലും വേണ്ട വിധത്തിൽ പരിഗണിക്കാതെ, രക്ഷിതാക്കളല്ലാത്ത മുൻ ഭരണസമിതി മേധാവിയും പിപിഎയിലെ ചില നേതാക്കളും നിലവിലെ ഭരണസമിതിയിലെ ചിലരും ചേർന്നാണ് നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു.
പുതിയ പ്രിൻസിപ്പലിനെ നിയമിക്കുമെന്ന് പറഞ്ഞിട്ട് മൂന്ന് വർഷമായെന്നും, നിലവിലെ പ്രിൻസിപ്പലിനെ പ്രാധാന്യമില്ലാത്ത നിലയിലാക്കി മറ്റൊരു അധികാരകേന്ദ്രമാണ് സ്കൂൾ നിയന്ത്രിക്കുന്നതെന്നും സംഘടന ആരോപിച്ചു. ഇതിന്റെ ദോഷഫലങ്ങൾ അനുഭവിക്കുന്നത് വിദ്യാർത്ഥികളും അധ്യാപകരുമാണെന്നും പ്രസ്താവനയിൽ പറയുന്നു.
വിദ്യാർത്ഥികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന കഴിവും പ്രാപ്തിയും അർപ്പണബോധവും ഉണ്ടായിരുന്ന നിരവധി സീനിയർ അധ്യാപകരെ രാഷ്ട്രീയ പ്രേരിതമായി പിരിച്ചുവിടുകയോ രാജിവെപ്പിക്കുകയോ ചെയ്തുവെന്ന ഗുരുതര ആരോപണവും ഇൻഡക്സ് ബഹ്റൈൻ ഉയർത്തി. പകരം അധ്യാപകരെ കൃത്യമായ അനുപാതത്തിൽ നിയമിക്കുവാൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്നും, ഇപ്പോഴും പ്രധാന വിഷയങ്ങൾ പഠിപ്പിക്കാൻ മതിയായ അധ്യാപകർ ഇല്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
ഈ അധ്യയന വർഷത്തെ നിരവധി പാഠപുസ്തകങ്ങൾ ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നും, ഇത് സിബിഎസ്ഇ പ്രസിദ്ധീകരിക്കാത്ത ചില പുസ്തകങ്ങളുടെ പ്രശ്നം മാത്രമല്ലെന്നും സംഘടന വ്യക്തമാക്കി. അക്കാദമിക് നിലവാരം ഉയർത്തുന്നതിലും വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിലും ഭരണസമിതി പരാജയപ്പെട്ടുവെന്നാണ് ആരോപണം.
സ്കൂളിലെ സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവൻ ഉത്തരവാദിത്തവും ഫീസ് അടയ്ക്കാത്ത രക്ഷിതാക്കളുടെ മേൽ ചുമത്തി ഭരണസമിതിയുടെ പിടിപ്പുകേടും അമിത ചെലവുകളും കഴിവില്ലായ്മകളും മറച്ചുവെക്കുകയാണെന്നും ഇൻഡക്സ് ബഹ്റൈൻ ആരോപിച്ചു. ജീവനക്കാരുടെ ശമ്പളം കൃത്യമായി നൽകാൻ പോലും ഭരണസമിതിക്ക് കഴിയാത്തത് മുൻപ് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഫീസ് പിരിവ് കൃത്യമായി നടത്താൻ കഴിയാത്തത് ഭരണപരമായ വീഴ്ചയാണെന്നും, ഫീസ് ഒഴികെയുള്ള മറ്റു മാർഗങ്ങളിലൂടെയും സ്കൂൾ ധനശേഖരണം നടത്താറുണ്ടെങ്കിലും അത്തരത്തിലുള്ള ഫണ്ടുകൾ ഫലപ്രദമായി കണ്ടെത്താനോ ഉപയോഗിക്കാനോ ഇപ്പോഴത്തെ ഭരണസമിതിക്ക് കഴിയുന്നില്ലെന്നും സംഘടന കുറ്റപ്പെടുത്തി.
കഴിഞ്ഞ 12 വർഷമായി സ്കൂൾ ഭരണം നടത്തിവരുന്നവരുടെ കീഴിൽ നിരവധി മെഗാഫെയറുകൾ നടന്നിട്ടുണ്ടെന്നും, അവയിൽ നിന്ന് ലഭിച്ച ഫണ്ടുകളുടെ കണക്കുകൾ കൃത്യമായി അവതരിപ്പിച്ചിട്ടില്ലെന്നും ഇൻഡക്സ് ബഹ്റൈൻ ആരോപിച്ചു. സ്കൂളിനായി നടത്തുന്ന പരിപാടികളുടെ കണക്കുകൾ പോലും നിരന്തരമായി ആവശ്യപ്പെട്ടിട്ടും അവതരിപ്പിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
ഏതൊരു ഭരണസമിതിയുടെയും വിശ്വാസ്യത സുതാര്യതയിലൂടെയാണ് രൂപപ്പെടേണ്ടതെന്നും, എന്നാൽ നിലവിലെ ഭരണസമിതി സുതാര്യത പുലർത്തുന്നില്ലെന്നും സംഘടന ആരോപിച്ചു. കണക്കുകൾ ചോദിക്കുന്നവരെയും കാര്യങ്ങൾ രക്ഷിതാക്കൾക്ക് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്നവരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയാണ് പിന്തുടരുന്നതെന്നും പ്രസ്താവനയിൽ ആരോപണമുണ്ട്.
കുട്ടികൾക്ക് പഠനത്തിനായി ട്യൂഷനെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം മാറണമെന്നും അക്കാദമിക് നിലവാരം ഉയർത്തണമെന്നും ഇൻഡക്സ് ബഹ്റൈൻ ആവശ്യപ്പെട്ടു. പാഠപുസ്തകങ്ങൾ യഥാസമയം ലഭ്യമാക്കുക, അധ്യാപകരടക്കമുള്ള ജീവനക്കാരുടെ ശമ്പളം മുടങ്ങാതെ നൽകുക, അധ്യാപകരെ പ്രോത്സാഹിപ്പിക്കുക, രാഷ്ട്രീയ പകപോക്കലുകൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും സംഘടന മുന്നോട്ടുവെച്ചു.
അത്യാവശ്യ കാര്യങ്ങളടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിൽ കഴിഞ്ഞ 12 വർഷമായി പിപിഎ യഥാർത്ഥ ശ്രദ്ധയും പരിഗണനയും നൽകിയിട്ടില്ലെന്നും ഇത് ആശ്ചര്യകരവും പ്രതിഷേധാർഹവുമാണെന്നും ഇൻഡക്സ് ബഹ്റൈൻ പ്രസ്താവനയിൽ വ്യക്തമാക്കി.


