
ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ – ഐ.സി.ആർ.എഫ് ബഹ്റൈൻ, തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമാക്കി നടത്തുന്ന വാർഷിക “സമ്മർ അവയർനെസ് ക്യാമ്പയിൻ & തർസ്റ്റ് ക്വെഞ്ചേഴ്സ് 2026” പരിപാടി ആരംഭിക്കുന്നു .
2026 ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ നടപ്പിലാക്കുന്ന ബഹ്റൈൻ തൊഴിൽ മന്ത്രാലയത്തിന്റെ വേനൽക്കാല സുരക്ഷാ പദ്ധതിയോട് പങ്കു ചേർന്നാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഈ വർഷം തൊഴിൽ മന്ത്രാലയം (Ministry of Labour), ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA), ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (IOM) എന്നിവയുടെ പിന്തുണയോടെയാണ് ക്യാമ്പയിൻ നടക്കുന്നത്.
വേനൽക്കാലത്ത് തൊഴിലാളികൾ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധവൽക്കരിക്കുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം വിവിധ തൊഴിലിടങ്ങളിൽ എത്തി തൊഴിലാളികൾക്ക് വെള്ളം, ജ്യൂസ്, ലബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവയും വേനൽക്കാല സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണവും നടത്തും .
2016-ൽ ആരംഭിച്ച “തർസ്റ്റ് ക്വെഞ്ചേഴ്സ്” പദ്ധതി ഈ വർഷം തുടർച്ചയായ 11-ാം വർഷത്തിലേക്ക് കടക്കുകയാണ്. എല്ലാ വർഷവും വേനൽക്കാലത്ത് വിവിധ തൊഴിലിടങ്ങൾ സന്ദർശിച്ച് തൊഴിലാളികൾക്ക് ആവശ്യമായ സഹായവും ബോധവൽക്കരണവും നൽകുന്ന ഒരു പ്രധാന സാമൂഹിക സേവന പദ്ധതിയായി ഇത് വളർന്നു.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം 2026 ജൂൺ 19 വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ സംഘടിപ്പിക്കുന്ന “സമ്മർ ഫെസ്റ്റ് – വർക്കേഴ്സ് ഡേ 2026” എന്ന പരിപാടിയിലൂടെ നടക്കും. ഏകദേശം 450 ഓളം തൊഴിലാളികൾ പങ്കെടുക്കുന്ന ഈ പരിപാടിയിൽ വിനോദപരിപാടികൾ, കളികൾ, ലഘുഭക്ഷണ വിതരണം, കൂടാതെ ബഹ്റൈന്റെ വികസനത്തിന് അവർ നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ ആദരിക്കുന്ന പ്രത്യേക പരിപാടികളും ഉണ്ടായിരിക്കും.
ഉദ്ഘാടന ചടങ്ങിന് ശേഷം, ജൂൺ മുതൽ ഓഗസ്റ്റ് വരെ എല്ലാ ശനിയാഴ്ചകളിലും ബഹ്റൈനിലെ വിവിധ തൊഴിലിടങ്ങളിൽ തർസ്റ്റ് ക്വെഞ്ചേഴ്സ് 2026 പ്രവർത്തനങ്ങൾ തുടരും. കടുത്ത ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ശീതളപാനീയങ്ങൾ, പഴങ്ങൾ, ലബാൻ, വെള്ളം എന്നിവ വിതരണം ചെയ്യുന്നതിനൊപ്പം വേനൽക്കാല സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണവും നടത്തും.
ഈ വർഷം 3,000 മുതൽ 4,000 വരെ തൊഴിലാളികളിലേക്ക് ഈ ക്യാമ്പയിൻ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും സമൂഹത്തിൽ കരുതലിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനും ഈ പദ്ധതി സഹായകരമാകും.
ഈ മഹത്തായ സംരംഭം വിജയകരമാക്കാൻ പിന്തുണ നൽകുന്ന സർക്കാർ സ്ഥാപനങ്ങൾക്കും, സന്നദ്ധ പ്രവർത്തകർക്കും, സ്പോൺസർമാർക്കും ഐ.സി.ആർ.എഫ് ബഹ്റൈൻ നന്ദി അറിയിക്കുന്നു.


