തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ജി. ഗിരീഷിന്റേതാണ് നടപടി. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇത്തരമൊരു തീരുമാനം സർക്കാർ ഔദ്യോഗികമായി എടുത്തിട്ടില്ലെന്നും, പബ്ലിക് പ്രോസിക്യൂട്ടറെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അപേക്ഷ തള്ളിയിരുന്നു.
ഈ നടപടിക്കെതിരായ ഹർജിയിലാണ് ഹൈക്കോടതി വിചാരണ സ്റ്റേ ചെയ്തത്. പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. ഹർജിക്കാരന് വേണ്ടി അഡ്വ. എം. രവികൃഷ്ണൻ ഹാജരായി. കെ എം ബഷീർ 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മരിച്ചത്. കേസിലെ ഏക പ്രതിയാണ് ശ്രീറാം.

