തിരുവനന്തപുരം: കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം കണ്ണൂരിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ആക്രമണം സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണെന്നും സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡിവൈ.എഫ്.ഐ.–സി.പി.എം പ്രവർത്തകർ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ വാഹനത്തിന് നേരെ പലതവണ ആക്രമണമുണ്ടായെന്നും കല്ലും കൈയും ഉപയോഗിച്ച് വാഹനത്തിൽ അടിച്ചെന്നും അദ്ദേഹം ആരോപിച്ചു.
തളിപ്പറമ്പിലും പയ്യന്നൂരിലും മന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധമുണ്ടായി. കാസർകോട്ടേക്ക് പോകുന്നതിനിടെയാണ് സംഭവങ്ങൾ. പയ്യന്നൂർ പിന്നിട്ടതിന് പിന്നാലെ നീലേശ്വരത്തും മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായതായി റിപ്പോർട്ടുണ്ട്.
ആക്രമണം നടത്തിയവരെയും ഗൂഢാലോചനയിൽ പങ്കെടുത്ത സി.പി.എം–ഡിവൈ.എഫ്.ഐ നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ചുള്ള അക്രമ സമരമാണ് സി.പി.എം നടത്തുന്നതെങ്കിൽ അത് അവസാനിപ്പിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പിക്ക് നിർദേശം നൽകി. മന്ത്രി ഒ.ജെ. ജനീഷുമായി ആഭ്യന്തര മന്ത്രി ഫോണിൽ സംസാരിക്കുകയും സംഭവവിവരങ്ങൾ തേടുകയും ചെയ്തു.

