ദുബായ്: സ്മാർട്ട് ഇലക്ട്രോണിക് സേവനങ്ങൾക്ക് അപേക്ഷിക്കുന്നവർക്കായി ഹാപ്പിനസ് വെഹിക്കിൾ ഇനിഷ്യേറ്റീവ് ആരംഭിച്ച് ദുബായ് മുനിസിപ്പാലിറ്റി. മുതിർന്ന പൗരന്മാർക്കും, ജനങ്ങൾക്കും ആവശ്യമായ സേവനവും ലൊക്കേഷനും വ്യക്തമാക്കി വാഹനം ബുക്ക് ചെയ്യാം. തുടർന്ന് മുനിസിപ്പാലിറ്റിയിലെ ഒരു ജീവനക്കാരൻ അവരുടെ വീട് സന്ദർശിച്ച് ആവശ്യമായ സഹായം നൽകും. ഉപയോക്താക്കളുടെ പ്രതീക്ഷകൾക്കപ്പുറം അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സംയോജിത സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങൾക്ക് അനുസൃതമായി അവരുടെ ഇടപാടുകൾ വേഗത്തിലും സൗകര്യപ്രദമായും നടത്താൻ ഈ സംരംഭം സഹായിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി കോർപ്പറേറ്റ് സപ്പോർട്ട് സർവീസസ് സെക്ടർ സിഇഒ വെസാം ലുത്ത പറഞ്ഞു.
60 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്കും, ജനങ്ങൾക്കും സേവനം നൽകുന്നതിനായി സാമൂഹിക ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധത ഉൾക്കൊള്ളുന്ന ദുബായ് മുനിസിപ്പാലിറ്റിയുടെ സംരംഭങ്ങളിലൊന്നാണ് ഹാപ്പിനസ് വെഹിക്കിൾ ഇനിഷ്യേറ്റീവ്. ഉപയോക്താക്കളുടെ സന്തോഷം, ക്ഷേമം, സംതൃപ്തി എന്നിവയുടെ നിലവാരം ഉയർത്തുന്നതിന് ഈ സേവനം പ്രയോജനകരമാകുമെന്ന് ദുബായ് മുനിസിപ്പാലിറ്റി കസ്റ്റമർ ഹാപ്പിനസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മനാൽ ഉബൈദ് ബിൻ യാറൂഫ് പറഞ്ഞു.
‘ഹാപ്പിനസ് വെഹിക്കിൾ’ സംരംഭത്തിന്റെ ആദ്യ ഘട്ടത്തിൽ അംഗീകൃത എഞ്ചിനീയറിംഗ് ഡ്രോയിങുകളുടെ പകർപ്പിനായി അപേക്ഷ സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾ സുഗമമാക്കും. പൂർത്തീകരണ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, കീടനിയന്ത്രണ സേവനങ്ങൾ, കാർഷിക കീടനിയന്ത്രണത്തിനുള്ള അപേക്ഷകൾ, മാലിന്യ നിർമാർജനം തുടങ്ങിയ സേവനങ്ങൾക്കായി 800900 എന്ന നമ്പറിൽ മുനിസിപ്പാലിറ്റി കോൾ സെന്ററുമായി ബന്ധപ്പെട്ട് വാഹനം ബുക്ക് ചെയ്യാം. തുടർന്ന്, തീയതി ഷെഡ്യൂൾ ചെയ്യാനും ലൊക്കേഷൻ വ്യക്തമാക്കാനും ഉപയോക്താവിന് കേന്ദ്രത്തിൽ നിന്ന് ഒരു കോൾ ലഭിക്കും. സന്ദർശനം ക്രമീകരിക്കുന്നതിന് മുമ്പ് നൽകിയ വിവരങ്ങളും പുനപരിശോധിക്കും. ശേഷം ജീവനക്കാരൻ ഉപഭോക്താവിന്റെ വസതിയിലേയ്ക്ക് പോകുകയും സേവനങ്ങൾക്ക് ആവശ്യമായ രേഖകൾ നേരിട്ട് കൈമാറുകയും ചെയ്യും.