ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള കുങ്കി ആനകളിലൊന്ന് ഇന്ന് വയനാട് നിന്ന് തിരിക്കും. വിക്രം എന്ന കുങ്കിയാനയെയാണ് ആദ്യം എത്തിക്കുന്നത്. വൈകിട്ട് നാലിന് വയനാട്ടിൽ നിന്ന് കുങ്കിയാനയുമായി സംഘം ഇടുക്കിയിലേക്ക് തിരിക്കും.
വയനാട്ടിൽ നിന്ന് ഇന്ന് രണ്ട് കുങ്കി ആനകളെ കൊണ്ടുവരാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്നലെ വനംവകുപ്പിന്റെ ഒരു ട്രക്ക് അപകടത്തിൽപ്പെട്ടു. ഇതോടെ ഒരാനയുടെ യാത്ര തടസപ്പെട്ടു. വിക്രമിനെ കൂടാതെ കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നിവരും 26 അംഗ മിഷൻ സംഘവും അടുത്ത ദിവസം ഇടുക്കിയിലെത്തും. ചൊവ്വാഴ്ച ചേരുന്ന വനംവകുപ്പ് യോഗത്തിൽ ആനയെ മയക്ക് വെടി വെക്കുന്ന തീയതി തീരുമാനിക്കും.