
കൊച്ചി: പെരുമ്പാവൂർ-മൂവാറ്റുപുഴ റോഡിന്റെ ഇരു വശങ്ങളിലുമുള്ള ഓടകളിൽ നിന്നുള്ള മലിന ജലവും പാഴ്വസ്തുക്കളും സ്വകാര്യ വ്യക്തിയുടെ വസ്തുവിലേക്ക് ഒഴുക്കിവിട്ട സംഭവത്തിൽ സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് ലംഘിച്ചതിനെ തുടർന്നുള്ള കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായാണ് നടപടി. 2010ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെരുമ്പാവൂർ-മൂവാറ്റുപുഴ റോഡിന്റെ ഇരു വശങ്ങളിലുമുള്ള ഓടകളിൽ നിന്നുള്ള മലിന ജലം പുല്ലുവഴി പികെവി സ്മാരക ട്രസ്റ്റിന്റെയും വില്ലേജ് ഓഫീസിന്റെയും ഇടയിലുള്ള സർക്കാർ സ്ഥലത്ത് കൂടി ഓട നിർമിച്ച് സ്വകാര്യ വ്യക്തിയുടെ വസ്തുവിലേക്ക് ഒഴുക്കിവിട്ടതിനെതിരെയാണ് സ്ഥലമുടമ കോടതിയെ സമീപിച്ചത്. സർക്കാർ, മൂവാറ്റുപുഴ കെഎസ്ടിപി, പിഡബ്ല്യുഡി റോഡ് സബ് ഡിവിഷനുകൾ എന്നിവരെ പ്രതികളാക്കിയാണ് ഹർജി നൽകിയത്. ഇതിനെ തുടർന്ന് മലിന ജലം ഒഴുക്കിവിടുന്നത് തടഞ്ഞ് കൊണ്ട് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. പിന്നീട് സബ് കോടതിയും ഹൈക്കോടതിയും ഈ വിധി ശരിവെച്ചു. എന്നാൽ കോടതി വിധി ലംഘിച്ച് വീണ്ടും മലിനജലം ഒഴുക്കിവിട്ടതിനെ തുടർന്ന് 2025ൽ ഹർജിക്കാരി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. അഭിഭാഷക കമ്മിഷൻ നടത്തിയ പരിശോധനയിൽ കോടതി ഉത്തരവ് ലംഘിക്കപ്പെട്ടതായി കണ്ടെത്തി.


