ഇസ്താംബുൾ: ഫോർമുല വൺ കാറോട്ട മത്സരത്തിൽ മെഴ്സിഡസിന്റെ ലൂയിസ് ഹാമിൾട്ടൺ ഏഴാം തവണയും ചാമ്പ്യനായി. തുർക്കി ഗ്രാൻഡ് പ്രീയിൽ വിജയിച്ചതോടെ ലോകത്തിൽ ഏറ്റവും അധികം ഫോർമുല വൺ കിരീടങ്ങൾ നേടിയ എഫ് വൺ ഡ്രൈവറെന്ന മൈക്കിൾ ഷൂ മാർക്കറുടെ റെക്കോർഡിന് ഒപ്പമെത്തിയിരിക്കുകയാണ് ലൂയിസ് ഹാമിൾട്ടൺ.
ഫോർമുല വൺ കാറോട്ട മത്സരങ്ങളിൽ ഏറ്റവും അധികം വ്യക്തിഗത വിജയങ്ങൾ നേടി റെക്കോർഡ് കരസ്ഥമാക്കിയ താരമാണ് ഹാമിൽട്ടൺ. 94 മത്സരങ്ങളിൽ അദ്ദേഹം വിജയിച്ചു. ഏറ്റവും കൂടുതൽ പോൾ പൊസിഷൻ ലഭിച്ച ഡ്രൈവർ, ഒരു ടീമിനായി ഏറ്റവും അധികം മത്സരങ്ങൾ വിജയിച്ച താരം തുടങ്ങിയ റെക്കോർഡുകളും ഹാമിൾട്ടൺ കരസ്ഥമാക്കിയിട്ടുണ്ട്. നേരത്തെ പോർച്ചുഗൽ ഗ്രാൻഡ് പ്രീയിൽ ജയിച്ചതോടെ ഏറ്റവും കൂടുതൽ ഫോർമുല വൺ റേസ് വിജയങ്ങളെന്ന ഷൂമാർക്കറുടെ റെക്കോർഡ് ഹാമിൾട്ടൺ മറികടന്നിരുന്നു.