മനാമ: ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീ കാറോട്ട മത്സരങ്ങൾക്ക് സാഖിറിലെ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ ഇന്ന് തുടക്കമായി. ഇന്ന് (ഫെബ്രുവരി 29) മുതൽ മാർച്ച് 2 വരെയാണ് മത്സരം നടക്കുന്നത്. ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ട് അതിൻ്റെ 20-ാം വാർഷികമാണ് F1-ൽ ആഘോഷിക്കാൻ ഒരുങ്ങുന്നത്. ‘20 ഇയേഴ്സ് ഓഫ് എ മോഡേൺ ക്ലാസിക്’ എന്ന തലക്കെട്ടിൽ മത്സരത്തിന് വൻ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ മുഴുവനും ദിവസങ്ങൾക്ക് മുൻപേ തന്നെ വിറ്റുതീർന്നതായി ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് അറിയിച്ചു.
ഫോർമുല വണിന്റെ ആവേശഭരിതമായ മത്സരങ്ങൾക്ക് മാറ്റുകൂട്ടാനായി സർക്ക്യൂട്ടിൽ നിരവധി വിനോദ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കുമായി മ്യൂസിക് ഷോകളും , വിനോദപരിപാടികളും , റൈഡുകളുമാണ് ഒരുക്കിയിട്ടുള്ളത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളും ആയിരക്കണക്കിന് കായികപ്രേമികളും എത്തിക്കഴിഞ്ഞു. മത്സരങ്ങളുടെ മുന്നോടിയായി വാഹനഗതാഗതം സുഗമമാക്കുന്നതിനായി സുപ്രധാന നിരത്തുകളിൽ കൂടുതൽ ട്രാഫിക് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ബഹ്റൈൻ ഗ്രാൻഡ്പ്രീ ദിനങ്ങളിൽ 98,000 പേരും റേസ് ദിനത്തിൽ 35,000 പേരുമായിരുന്നു കാഴ്ചക്കാരായി എത്തിയത്. ഇക്കൊല്ലം അതിലേറെ ആളുകളെയാണ് പ്രതീക്ഷിക്കുന്നത്.
ഫോർമുല വൺ മത്സരങ്ങളോടനുബന്ധിച്ച് ദക്ഷിണ മുനിസിപ്പാലിറ്റി 500 വൃക്ഷങ്ങളിൽ വൈദ്യുതി ദീപാലങ്കാരമേർപ്പെടുത്തിയിട്ടുണ്ട്. ഗ്രാൻഡ് പ്രീ മത്സരങ്ങൾ നടക്കുന്ന ഇന്റർനാഷനൽ സർക്യൂട്ടിലേക്കുള്ള റോഡിലെ 500 മരങ്ങളാണ് അലങ്കരിച്ചിരിക്കുന്നത്. മത്സര ദിവസങ്ങളിൽ റോഡുകളുടെ സൗന്ദര്യം, ശുചിത്വം, പരസ്യബോർഡുകളുടെ നിരീക്ഷണം എന്നിവ ഉറപ്പാക്കാനായി മൂന്ന് പ്രത്യേക ഗ്രൂപ്പുകൾ രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. കൂടാതെ അവാലി റൗണ്ട് എബൗട്ട്, സല്ലാഖ് ഹൈവേ, ഗൾഫ് ബഹ്റൈൻ ബേ ഹൈവേ എന്നിവിടങ്ങളിൽ മുനിസിപ്പാലിറ്റിക്ക് കീഴിൽ സീസണൽ പൂച്ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. മത്സരങ്ങൾ നടക്കുന്ന വേളയിലും ശേഷവും ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക സമിതി പ്രവർത്തിക്കുന്നുണ്ട്.