ഗുരുവായൂർ: സ്ത്രീകൾക്കും കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവർക്കും സുഗമമായി ദർശനം നടത്തുന്നതിനായി ഡിസംബർ 1 മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക ക്യൂ ഏർപ്പെടുത്തുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.
തിരക്കില്ലാതെ ദർശനം നടത്തി മടങ്ങാൻ ഭക്തർക്ക് സൗകര്യമൊരുക്കുകയാണ് പുതിയ ക്രമീകരണത്തിന്റെ ലക്ഷ്യമെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാലും അറിയിച്ചു.
ദശമി, ഏകാദശി ദിനങ്ങളോടനുബന്ധിച്ച് 53 മണിക്കൂർ തുടർച്ചയായി തുറന്നിരുന്ന ക്ഷേത്രനട ഞായറാഴ്ച രാവിലെ എട്ടിന് അടയ്ക്കും. ക്ഷേത്രത്തിനകം ശുദ്ധീകരിച്ച് പുണ്യാഹം നടത്തിയശേഷം പതിവ് പൂജകൾ നടക്കും. ഈ സമയത്ത് ഭക്തർക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമുണ്ടാകില്ല. വൈകിട്ട് 4.30ഓടെ നട വീണ്ടും തുറക്കും.
നട അടച്ചിരിക്കുന്ന സമയത്ത് ദർശനത്തിന് പുറമെ വിവാഹം, ചോറൂണ്, വാഹനപൂജ തുടങ്ങിയ ചടങ്ങുകളും അനുവദിക്കില്ല.

