ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തുന്ന സമരങ്ങൾക്കെതിരെ എംഎം മണി . പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആത്മാർത്ഥതയില്ലാത്ത ആളാണെന്നും കഴിഞ്ഞ കോൺഗ്രസ് സർക്കാരുകൾ ചെയ്യേണ്ടത് ഒന്നും ചെയ്തില്ലെന്നുമാണ് എംഎം മണിയുടെ വിമർശനം. ”കോൺഗ്രസുകാർ ഇരുന്നും കിടന്നും നിരങ്ങിയും ഭരിച്ചിട്ടും ചെയ്യേണ്ടത് ഒന്നും ചെയ്തില്ല. ഇപ്പോൾ സമരമിരിക്കുന്ന എംപിയും വി ഡി സതീശനും വീട്ടിൽ പോയിരുന്നു സമരം ചെയ്താൽ മതിയെന്നും എംഎം മണി പറഞ്ഞു.
മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്ര സർക്കാർ എന്നും തമിഴ്നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ജനങ്ങളെ ദുരിതത്തിലാക്കി പാതിരാത്രിയിൽ ഡാം തുറക്കുന്നത് ശുദ്ധ മര്യാദകേടാണെന്നും തമിഴ്നാട് സർക്കാരിന്റേത് ശുദ്ധ പോക്രിത്തരമെന്നും എംഎം മണി പറഞ്ഞു. നേരത്തെ, മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്നും ജലബോംബാണെന്നുമുള്ള എംഎം മണിയുടെ പരാമർശം ശ്രദ്ധനേടിയിരുന്നു. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മ്മിച്ച ഡാമിന്റെ അകം കാലിയാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോ എന്നറിയാൻ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നുമായിരുന്നു നേരത്തെ അദ്ദേഹം നടത്തിയ പരാമർശം.